നിപ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി
ഒമ്പത് പഞ്ചായത്തുകളിലെ 57 വാർഡുകൾ കണ്ടൈൻമെന്റ് സോണാണ്
കോഴിക്കോട്: നിപ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. അടുത്ത പത്ത് ദിവസത്തേക്ക് പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തി. ഒമ്പത് പഞ്ചായത്തുകളിലെ 57 വാർഡുകൾ കണ്ടൈൻമെന്റ് സോണാണ്. ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റന്നാൾ വരെ അവധി പ്രഖ്യാപിച്ചു.
സാഹചര്യം വിലയിരുത്താൻ കോഴിക്കോടെത്തിയ കേന്ദ്ര ആരോഗ്യ മന്താലയത്തിൽ നിന്നുള്ള സംഘം സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറുമായി ചർച്ച നടത്തി. രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ള 11 പേരുടെ പരിശോധനാഫലം അൽപ്പസമയത്തിനകം ലഭിക്കും. ചികിത്സയിലുള്ള മൂന്ന് പേരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഒമ്പത് വയസ് പ്രായമുള്ള കുട്ടി മാത്രമാണ് ഇപ്പോൾ വെന്റിലേറ്ററിൽ കഴിയുന്നത്.
അതുപോലെ ഇന്നലെ നിപ സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന്റെ സമ്പർക്ക പട്ടികയും അൽപസമയത്തിനുള്ളിൽ പ്രസിദ്ധീകരിക്കും. മീറ്റിംഗിന് ശേഷം കേന്ദ്രസംഘം മരുതോങ്കര ഉൾപ്പെടെയുള്ള നിപ സ്ഥിരീകരിച്ച സ്ഥലങ്ങളിൽ പോകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇന്ന് പോകില്ലെന്ന് ഡി.എം.ഒ പിന്നീട് അറിയിച്ചു. ഒരു പക്ഷെ നാളെ ഈ സ്ഥലങ്ങൾ സംഘം പരിശോധിച്ചേക്കാം. കൂടാതെ മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഒരു പരിശോധന കൂടി ഈ പ്രദേശങ്ങളിൽ നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. പ്രധാനമായും വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം.