''കാടുമൂടിക്കിടക്കുന്ന ആ സ്റ്റേഡിയങ്ങള്‍ കാണുമ്പോള്‍ സങ്കടമുണ്ട്''; മുഖ്യമന്ത്രിയോട് ആഷിഖ് കുരുണിയന്‍

സംസ്ഥാനത്ത് മൂന്ന് പുതിയ ഫുട്‌ബോള്‍ അക്കാദമികള്‍ ആരംഭിക്കുന്നതായി അറിയിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിനു താഴെയാണ് ആഷിഖിന്റെ കമന്റ്

Update: 2021-09-17 16:52 GMT
Editor : Shaheer | By : Web Desk
Advertising

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ മലപ്പുറം ജില്ലയിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളുടെ ദുരവസ്ഥ വിവരിച്ച് ഇന്ത്യന്‍ താരം ആഷിഖ് കുരുണിയന്‍. കോടികള്‍ മുടക്കി പണികഴിപ്പിച്ച മലപ്പുറം ജില്ലയില്‍ കോട്ടപ്പടി, പയ്യനാട് സ്റ്റേഡിയങ്ങള്‍ ഇപ്പോള്‍ ഒരു ഫുട്‌ബോള്‍ മത്സരങ്ങളും നടക്കാതെ വെറുതെ പൂട്ടിയിട്ടിരിക്കുകയാണ്. കാടുമൂടിക്കിടക്കുന്ന ഈ സ്റ്റേഡിയങ്ങള്‍ കാണുമ്പോള്‍ ഒരു ഫുട്‌ബോള്‍ താരമെന്ന നിലയില്‍ അതിയായ ദുഃഖമുണ്ടെന്നും ആഷിഖ് കുറിച്ചു.

സംസ്ഥാനത്ത് മൂന്ന് പുതിയ ഫുട്‌ബോള്‍ അക്കാദമികള്‍ ആരംഭിക്കുന്നതായി അറിയിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ കുറിപ്പിനു താഴെയാണ് ആഷിഖിന്റെ കമന്റ്. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് ആധുനിക പരിശീലന സൗകര്യങ്ങളുള്ള പുതിയ ഫുട്‌ബോള്‍ അക്കാദമികള്‍ ആരംഭിക്കുന്നത്. കാടുമൂടിക്കിടക്കുന്ന ഗ്രൗണ്ടുകളുടെ നവീകരണത്തിന് മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടാകണമെന്ന് കമന്റി ആഷിഖ് ആവശ്യപ്പെട്ടു.

''മലപ്പുറം ജില്ലയില്‍ കോടികള്‍ മുടക്കി പണികഴിപ്പിച്ച കോട്ടപ്പടി, പയ്യനാട് സ്റ്റേഡിയങ്ങള്‍ ഇന്ന് യാതൊരു ഫുട്‌ബോള്‍ മത്സരങ്ങളും നടത്താതെ വെറുതെ പൂട്ടിയിട്ടിരിക്കുകയാണ്. ഒരു ഫുട്‌ബോള്‍ താരമെന്ന നിലയില്‍ അതിയായ സങ്കടമുണ്ട് ഈ കാര്യത്തില്‍. കാരണം ഞാന്‍ കളിച്ചുവളര്‍ന്ന ഗ്രൗണ്ട് കൂടിയാണ് കോട്ടപ്പടി സ്റ്റേഡിയം. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനുകീഴിലുള്ള ഈ രണ്ട് സ്റ്റേഡിയങ്ങളുടെയും ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്. കൃത്യമായി മെയിന്റനന്‍സ് വര്‍ക്കുകള്‍ നടക്കാത്തതുമൂലം ഗ്രൗണ്ടില്‍ കാടുമൂടികിടക്കുകയാണ്. ഇത് കാണുമ്പോള്‍ ഒരു ഫുട്‌ബോള്‍ പ്ലെയര്‍ എന്ന നിലയില്‍ അതിയായ ദുഃഖമുണ്ട്. കാരണം വരുംതലമുറയ്ക്ക് ഉപകാരപ്രദമാവേണ്ട ഗ്രൗണ്ടുകളാണ് ഇവ രണ്ടും. അങ്ങയുടെ ഭാഗത്തുനിന്ന് ഈ ഗ്രൗണ്ടിലെ നവീകരണത്തിനും രാജ്യാന്തര മത്സരങ്ങള്‍ കൊണ്ടുവരുന്നതിനും ശ്രദ്ധയുണ്ടാകുമെന്ന് വിശ്വസിക്കുന്നു-കമന്റില്‍ ആഷിഖ് ആവശ്യപ്പെട്ടു.

Full View

അന്താരാഷ്ട്രതലത്തില്‍ സാന്നിധ്യമുറപ്പിക്കാന്‍ കഴിയുന്ന പ്രതിഭകളെ വാര്‍ത്തെടുക്കുകയാണ് പുതിയ അക്കാദമികളിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. കായിക-യുവജനകാര്യ ഡയറക്ടറേറ്റിന്റെ രണ്ട് അക്കാദമികള്‍ കണ്ണൂരിലും തിരുവനന്തപുരത്തും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ അക്കാദമി എറണാകുളത്തുമാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. കണ്ണൂര്‍, എറണാകുളം അക്കാദമികള്‍ വനിതകള്‍ക്ക് മാത്രമായുള്ളതുമാണ്.

അന്താരാഷ്ട്ര നിലവാരമുള്ള ഗ്രൗണ്ടുകള്‍, മികച്ച കായിക ഉപകരണങ്ങള്‍, മികച്ച ടീം മാനേജ്മെന്റ്, ഗുണനിലവാരമുള്ള വിദ്യാഭ്യാസ സംവിധാനം എന്നിവ ഉറപ്പാക്കും. ഓരോ കുട്ടിയുടെയും പ്രകടനവും പുരോഗതിയും വിലയിരുത്താന്‍ ഡാറ്റാ മാനേജ്മെന്റ് ആന്‍ഡ് അനാലിസിസ് പ്ലാറ്റ്ഫോമുമുമുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബാണ് ജിവി രാജ അക്കാദമിയുമായി സഹകരിക്കുന്നത്. ഗോകുലം എഫ്‌സി കണ്ണൂര്‍ അക്കാദമിയുമായും സഹകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News