പോപ്പുലർ ഫ്രണ്ട് നേതാവിന്‍റെ കൊലപാതകം മനുഷ്യത്വമില്ലാത്തവരുടെ ക്രൂരകൃത്യം: മലമ്പുഴ എം.എല്‍.എ എ.പ്രഭാകരൻ
കൊലപാതകം തൊഴിലായി സ്വീകരിച്ച ചിലർ നാട്ടിൽ വിലസുകയാണെന്ന് എ.പ്രഭാകരൻ എം.എൽ.എ
പാലക്കാട്: പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകം മനുഷ്യത്വമില്ലാത്തവരുടെ ക്രൂരകൃത്യമാണെന്ന് മലമ്പുഴ എം.എല്‍.എ എ.പ്രഭാകരൻ. കൊലപാതകം തൊഴിലായി സ്വീകരിച്ച ചിലർ നാട്ടിൽ വിലസുകയാണെന്നും എ.പ്രഭാകരൻ എം.എൽ.എ പ്രതികരിച്ചു.
ചായകട നടത്തുന്ന പാവപ്പെട്ട ഒരാള്‍ പള്ളിയില്‍ നമസ്കാരം കഴിഞ്ഞുവരികയാണ്. അയാളെ വെട്ടിനുറുക്കുകയെന്ന രീതിയിലേക്ക് നാട്ടിലെ ഒരു ക്രിമിനല്‍ സംഘം മാറുകയാണ്. കൊലപാതകം തൊഴിലായി സ്വീകരിച്ച ഒരു കൂട്ടര്‍ അങ്ങോട്ടു ഇങ്ങോട്ടും ചെയ്യുന്നത് സമൂഹത്തിലെ സമാധാന ജീവിതം തല്ലിക്കെടുത്തുന്നതാണ്. ഇത് മൃഗങ്ങള്‍ പോലും ചെയ്യാന്‍ മടിക്കുന്നവരാണെന്നും എ.പ്രഭാകരൻ പറഞ്ഞു.
ഇന്ന് ഉച്ചക്ക് ഒന്നരക്കാണ് പാലക്കാട് എലപുള്ളിയിൽ പോപ്പുലർ ഫ്രണ്ട് നേതാവിനെ പട്ടാപകല്‍ നടുറോഡില്‍ വെച്ച് വെട്ടികൊലപെടുത്തിയത്. പോപ്പുലർ ഫ്രണ്ട് എലപ്പുള്ളി ഏരിയാ പ്രസിഡന്‍റ് കുത്തിയതോട് സ്വദേശി സുബൈർ പാറ (47)ആണ് കൊല്ലപ്പെട്ടത്. ജുമുഅ നമസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം മടങ്ങും വഴി ഉച്ചക്ക് ഒന്നരക്ക് രണ്ടു കാറുകളില്‍ എത്തിയ സംഘം ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് മുന്‍ ഡിവിഷന്‍ പ്രസിഡന്‍റ്, എസ്.ഡി.പി.ഐ എലപ്പുള്ളി പഞ്ചായത്ത് കമ്മിറ്റി അംഗം, പോപുലര്‍ ഫ്രണ്ട് പാറ ഏരിയാ പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന പിതാവിന് ബൈക്കില്‍ നിന്നും വീണ് പരിക്കുപറ്റിയിട്ടുണ്ട്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതെ സമയം കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് പോപ്പുലർ ഫ്രണ്ട് ആരോപിച്ചു. ബി.ജെ.പി നേതാവ് സഞ്ജിത്ത് കൊലപ്പെട്ട പ്രദേശത്താണ് കൊലപാതകം നടന്നത്. ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ സംഘര്‍ഷം നിലനില്‍ക്കുന്നയിടമാണ് ഇവിടെ. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇന്നത്തെ കൊലപാതകം എന്നാണ് പോപ്പുലർ ഫ്രണ്ട് ആരോപിക്കുന്നത്.
Assassination of Popular Front leader is a cruel act of inhumanity: Malampuzha MLA A. Prabhakaran