പോപ്പുലര്‍ ഫ്രണ്ട് നേതാവിന്‍റെ കൊലപാതകം: സംസ്ഥാനത്ത് പൊലീസിന്‍റെ ജാഗ്രതാ നിര്‍ദ്ദേശം

അക്രമി സംഘത്തിലുള്ളവര്‍ മുഖം മൂടി ധരിച്ചിരുന്നില്ലെന്ന് സുബൈറിന്‍റെ പിതാവ് അബൂബക്കർ മീഡിയവണിനോട്

Update: 2022-04-15 12:20 GMT
Editor : ijas
Advertising

പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊലീസിന്‍റെ ജാഗ്രതാ നിര്‍ദ്ദേശം. ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പി അനില്‍ കാന്താണ് ജാഗ്രതാ നിർദേശം നല്‍കിയത്. അക്രമ സംഭവങ്ങൾ ഇല്ലാതിരിക്കാൻ പൊലീസ് ശ്രദ്ധിക്കണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടു.

അതെ സമയം സുബൈറിന്‍റെ കൊലപാതകത്തിലെ പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചു. ഡ്രൈവർ ഉൾപ്പടെ അഞ്ച് പേരാണ് സംഘത്തിലുള്ളത്. ഇതില്‍ നാല് പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. കൊലപാതകം നടത്തിയവര്‍ മുഖം മൂടി ധരിച്ചിരുന്നതായ സാക്ഷി മൊഴി പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ അക്രമിസംഘത്തിലുള്ളവര്‍ മുഖം മൂടി ധരിച്ചിരുന്നില്ലെന്ന് സുബൈറിന്‍റെ പിതാവ് അബൂബക്കർ മീഡിയവണിനോട് പറഞ്ഞു. കൊലപാതക ശേഷം പാലക്കാട് കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ് പ്രതികള്‍ കടന്നത്. അവിടെ നിന്ന് പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന.

ഇന്ന് ഉച്ചക്ക് ഒന്നരക്കാണ് പാലക്കാട് എലപുള്ളിയിൽ പോപ്പുലർ ഫ്രണ്ട് നേതാവിനെ പട്ടാപകല്‍ നടുറോഡില്‍ വെച്ച് വെട്ടികൊലപെടുത്തിയത്. പോപ്പുലർ ഫ്രണ്ട് എലപ്പുള്ളി പാറ ഏരിയാ പ്രസിഡന്‍റ് കുത്തിയതോട് സ്വദേശി സുബൈർ പാറ (47)ആണ് കൊല്ലപ്പെട്ടത്. ജുമുഅ നമസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം മടങ്ങും വഴി ഉച്ചക്ക് ഒന്നരക്ക് രണ്ടു കാറുകളില്‍ എത്തിയ സംഘം ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സുബൈറിനെ അതിക്രൂരമായാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. ശരീരത്തില്‍ വലിയ മുറിവുകളാണുണ്ടായിരുന്നതെന്നും ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരണം സംഭവിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന പിതാവിന് ബൈക്കില്‍ നിന്നും വീണ് പരിക്കുപറ്റിയിട്ടുണ്ട്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് മുന്‍ ഡിവിഷന്‍ പ്രസിഡന്‍റ്, എസ്.ഡി.പി.ഐ എലപ്പുള്ളി പഞ്ചായത്ത് കമ്മിറ്റി അംഗം, പോപുലര്‍ ഫ്രണ്ട് പാറ ഏരിയാ പ്രസിഡന്‍റ് എന്നീ നിലകളില്‍ സുബൈര്‍ പ്രവര്‍ത്തിച്ചിരുന്നു.

അതെ സമയം കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് പോപ്പുലർ ഫ്രണ്ട് ആരോപിച്ചു. ബി.ജെ.പി നേതാവ് സഞ്ജിത്ത് കൊലപ്പെട്ട പ്രദേശത്താണ് കൊലപാതകം നടന്നത്. ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ സംഘര്‍ഷം നിലനില്‍ക്കുന്നയിടമാണ് ഇവിടെ. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇന്നത്തെ കൊലപാതകം എന്നാണ് പോപ്പുലർ ഫ്രണ്ട് ആരോപിക്കുന്നത്.

Assassination of Popular Front leader: Police alert in the state

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News