'അനുമതിയില്ലാതെ വി.സിയായി ചുമതലയേറ്റു'; സിസ തോമസിനെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍

പുതിയ വി.സിയെ നിയമിച്ച ശേഷമാവും നടപടിയിലേക്ക് കടക്കുക. പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളും സിസ തോമസിന് തടഞ്ഞേക്കും

Update: 2023-02-19 07:38 GMT
Advertising

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല താത്കാലിക വി.സി സിസ തോമസിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി സർക്കാർ. അനുമതിയില്ലാതെ വി.സിയായി ചുമതലയേറ്റതിനെതിരെയാണ് സർക്കാർ നടപടി. പുതിയ വി.സിയെ നിയമിച്ച ശേഷമാവും നടപടിയിലേക്ക് കടക്കുക. പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളും സിസ തോമസിന് തടഞ്ഞേക്കും. സർവകലാശാലയിൽ ഡെപ്യൂട്ടേഷനിൽ താത്കാലിക വി.സിയായി ചുമതലയേൽക്കുമ്പോൾ സർക്കാരിന്റേയും നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേധാവിയുടേയും അനുമതിയും എൻ.ഒ.സിയും ഹാജരാക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം അത് സർവീസ് ചട്ടലംഘനമായി കണക്കാക്കപ്പെടാമെന്ന സാധ്യതകളും വിലയിരുത്തലുകളും സിസ തോമസ് ചുമതലയേൽക്കുന്ന സമയത്ത് വിലയിരുത്തപ്പെട്ടിരുന്നു.

എന്നാൽ ഗവർണറുമായുള്ള പോര് രൂക്ഷമായ സാഹചര്യത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കേണ്ട എന്ന തീരുമാനത്തിലാണ് തത്ക്കാലം നടപടി വേണ്ടതില്ലെന്ന് നിലപാട് സർക്കാർ സ്വീകരിച്ചത്. എന്നാൽ സിസ തോമസിന്റെ നിയമനം താത്ക്കാലികം തന്നെയെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സിസ തോമസിനെ തിരക്കിട്ട് നീക്കാനുള്ള നടപടികളിലേക്ക് സർക്കാർ കടന്നത്.


നിയമനം ചട്ടപ്രകാരമുളള നടപടികൾ പൂർത്തിയാക്കിയുള്ളതല്ലെന്നും പ്രത്യേക സാഹചര്യത്തിൽ ചാൻസലർ നടത്തിയ നിയമനമാണിതെന്നും പുതിയ വി.സിക്കായുള്ള പാനൽ സർക്കാറിന് സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. താല്ക്കാലിക നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഇന്ന് വാദം കേട്ടത്. ശരിയായ വിസിയെ നിയമിക്കുന്നതിന് സർക്കാരിന് നടപടികളുമായി മുന്നോട്ട് പോകാം എന്നാണ് കോടതി നിർദേശം.


ഒരസാധാരണ പ്രതിസന്ധി ഉണ്ടായപ്പോഴാണ് സിസ തോമസിനെ താല്ക്കാലികമായി നിയമിച്ചതെന്നായിരുന്നു ഹരജിയിൽ വാദം കേട്ടപ്പോഴെല്ലാം ഗവർണറുടെ മറുപടി. ഇതിന്റെ ഉദ്ദേശശുദ്ധി ഉൾപ്പടെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ ഘടത്തിലാണ് ഇന്ന് ഹരജിയിൽ വാദം കേൾക്കെ വിസി നിയമനനടപടികളുമായി മുന്നോട്ട് പോകാം എന്ന് കോടതി അറിയിച്ചത്. സിസ തോമസിന്റെ നിയമനത്തിൽ ഗവർണർ തങ്ങളോട് ആലോചിക്കാതെ തീരുമാനമെടുക്കുകയായിരുന്നു എന്നതാണ് സർക്കാരിന്റെ വാദം എന്നതുകൊണ്ട് തന്നെ ഹൈക്കോടതി നിർദേശത്തിൽ സർക്കാരിന്റെ നിലപാട് ഏറെ പ്രസക്തമാണ്


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News