അഞ്ച് മണിയായാൽ മുണ്ടക്കൈ ഇരുട്ടിലാകും; നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു
എത്രയും വേഗത്തിൽ രക്ഷാപ്രവർത്തനം നടത്താനാണ് ശ്രമിക്കുന്നത്. എന്നാൽ അതിന് തടസമാകുന്ന കാര്യങ്ങളാണ് അവിടെയുള്ളത്
കൽപറ്റ: വയനാട്ടിലെ രണ്ടിടങ്ങളിലുണ്ടായത് വിവരിക്കാൻ പറ്റാത്തതിലും വലിയ ദുരന്തം. മുണ്ടക്കൈയില്‍ അർധരാത്രിയുണ്ടായ ഉരുൾപൊട്ടലിൽ എത്രപേർക്ക് ജീവന്‍ നഷ്ടമായി എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. മരണ സംഖ്യ ഓരോ മണിക്കൂറിലും ഉയരുകയാണ്. 64 പേരുടെ മരണമാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.
എത്രയും വേഗത്തിൽ രക്ഷാപ്രവർത്തനം നടത്താനാണ് ശ്രമിക്കുന്നത്. എന്നാൽ രക്ഷാപ്രവർത്തനത്തിന് തടസമാകുന്ന കാര്യങ്ങളാണ് അവിടെയുള്ളത്. മഴ ഇപ്പോഴും തുടരുന്നതിനാല്‍ അഞ്ച് മണിയോടെ മുണ്ടക്കൈ മേഖല ഇരുട്ടിലാകും. അതിനുമുൻപ് സാധ്യമായതെല്ലാം ചെയ്യാനാണ് സൈന്യം ഉള്‍പ്പെടെ ശ്രമിക്കുന്നത്. വിരലിലെണ്ണാവുന്ന മണിക്കൂറുകള്‍ മാത്രം ഇന്ന് നിലനില്‍ക്കെ എത്രപേരെ രക്ഷപ്പെടുത്താനാകും എന്നതാണ് ബന്ധപ്പെട്ടവര്‍ കാര്യമായി ആലോചിക്കുന്നത്.
മുണ്ടക്കൈയിൽ രണ്ടു വാർഡുകളിലായി മൂവായിരത്തിനടുത്ത് ജനസംഖ്യയാണുള്ളത്. എല്ലാവരും മുണ്ടക്കൈയിൽ ഇല്ലെങ്കിലും ഇന്നലെ ഈ പ്രദേശത്തുണ്ടായിരുന്നവരുടെ കാര്യത്തിൽ വലിയ ആശങ്ക തന്നെയാണ്. മുണ്ടക്കൈയിൽ മരണസംഖ്യ വലിയതോതിൽ കൂടാനാണ് സാധ്യത. മുണ്ടക്കൈ ടൗൺ പൂർണമായും ഒലിച്ചുപോയെന്നാണ് നാട്ടുകാർ പറയുന്നത്. മുണ്ടക്കൈ ട്രീവാലി റിസോർട്ടിൽ 100ലേറെ പേർ കുടുങ്ങിക്കിടക്കുകയാണ്. സമീപത്തെ വീടുകളിൽ 50ലേറെ പേർ കുടുങ്ങിക്കിടക്കുന്നുണ്ട്.
അതേസമയം 100 ലേറെ ഇപ്പോഴും മണ്ണിനടിയിലുണ്ടെന്നാണ് വിവരം. ഇവരൊയൊക്കെ രക്ഷിച്ചെടുക്കുക എന്നതാണ് പ്രധാന ദൗത്യം. കാലാവസ്ഥ പ്രതകൂലമായതിനാൽ ഹെലികോപ്റ്റർ ഇറങ്ങാനായിട്ടില്ല. അതേസമയം അഞ്ച് മന്ത്രമാരാണ് രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. എൻഡിആർഎഫിന്റെ അഞ്ച് പേരടങ്ങുന്ന ചെറുസംഘത്തിന് മാത്രമാണ് ഇതുവരെ മുണ്ടക്കൈയിലെത്താനായത്. ചൂരൽപ്പുഴയ്ക്ക് അപ്പുറത്ത് കുടുങ്ങിക്കിടക്കുന്നവർക്ക് എൻഡിആർഎഫ് സംഘം ഭക്ഷണമെത്തിച്ചു നൽകി.
പുഴയ്ക്ക് കുറുകെ കെട്ടിയ വടത്തിലൂടെയാണ് ഉദ്യോഗസ്ഥർ പുഴ കടന്ന് അക്കരെ എത്തിയത്. നിലവിൽ ചൂരൽമല കേന്ദ്രീകരിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.