തൃശൂരിലെ എടിഎം കവർച്ച; പ്രതികളുടെ അറസ്റ്റ് കേരളാ പൊലീസ് രേഖപ്പെടുത്തി
ഏഴ് പ്രതികളിൽ ഒരാൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു
തൃശൂർ: തൃശൂരിലെ എടിഎം കവർച്ചയിൽ ആറു പ്രതികളുടേയും അറസ്റ്റ് കേരളാ പൊലീസ് രേഖപ്പെടുത്തി. പ്രതികളുമായുള്ള സംഘം നാമക്കലിൽ നിന്നു തൃശൂരിലേക്ക് പുറപ്പെട്ടു. അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി ഇന്നലെ നാമക്കൽ ജെഎഫ്എം കോടതിയിൽ പൊലീസ് അപേക്ഷ സമർപ്പിച്ചിരുന്നു.
വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് നീക്കം. തുടർന്ന് നാളെ പ്രതികളുമായി തെളിവെടുപ്പ് നടത്തും. ഏഴ് പ്രതികളിൽ ഒരാൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നായിരുന്നു കവർച്ച സംഘത്തെ പിടികൂടിയത്. ഹരിയാന സ്വദേശികളായ ഇർഫാൻ, സൊഖീൻ ഖാൻ , മുഹമ്മദ് കുക്രം, ഷബീർ, മുബാരിക്ക് എന്നിവരടക്കം ഏഴ് പ്രതികളാണ് കേസിലുള്ളത്.
കഴിഞ്ഞ മാസം 27നായിരുന്നു സംഭവം. മൂന്ന് എടിഎമ്മുകളിൽ നിന്നായി 65 ലക്ഷം രൂപയാണ് സംഘം കവർന്നത്. തമിഴ്നാട് പൊലീസും കവർച്ച സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് സംഘം കവർച്ച നടത്തിയത്.