തിരുവനന്തപുരത്ത് അമ്മയ്ക്കും മകനും നേരെ ആക്രമണം; ​ഗുരുതരാവസ്ഥയിൽ

കട നടത്തിപ്പിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

Update: 2023-02-20 18:35 GMT
Advertising

തിരുവനന്തപുരം: വർക്കല താഴെവെട്ടൂരിൽ അമ്മയ്ക്കും മകനും നേരെ ആക്രമണം. വെട്ടൂർ സ്വദേശി റംസീന ബീവിക്ക് വെട്ടേറ്റു. മകൻ ഷംനാദിനെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.

കട നടത്തിപ്പിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ചികിത്സയിൽ കഴിയുന്ന റംസീന ബീവിയുടെയും മകന്റേയും നില ​ഗുരുതരമാണ്.

ഇന്ന് വൈകീട്ടായിരുന്നു ആക്രമണം. റംസീന നടത്തിവന്ന കട റോഡിലേക്ക് തള്ളി നിൽക്കുന്നു എന്നാരോപിച്ച് അയൽവാസി പരാതി നൽകിയിരുന്നു. തുടർന്ന് നഗരസഭ നോട്ടീസ് നൽകി അട അടപ്പിച്ചു.

അയൽവാസിയെ കൊണ്ട് പരാതി കൊടുപ്പിച്ചത് ആക്രമണത്തിൽ പ്രതിയായ ഷിഹാബുദ്ദീൻ ആണെന്ന് റംസീന ആരോപിച്ചിരുന്നു. ഇപ്പോൾ ഈ കട മറ്റൊരാൾക്ക് വാടകയ്ക്ക് നൽകാൻ ശ്രമിച്ചതാണ് വീണ്ടും പ്രശ്‌നത്തിന് കാരണമായത്.

വാടകയ്ക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരാളോട് സംസാരിച്ചുകൊണ്ടുനിൽക്കെ ഷിഹാബുദ്ദീൻ എത്തുകയും തർക്കമുണ്ടാവുകയും ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു. തന്റെ വാനിലുണ്ടായിരുന്ന വാളുപയോഗിച്ചാണ് പ്രതി ഇരുവരേയും ആക്രമിച്ചത്. മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് മാതാവിന് വെട്ടേറ്റത്.

ആക്രമണ ശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതിയെ മകൻ ബൈക്കിൽ പിന്തുടരുകയായിരുന്നു. ഈ സമയം വാൻ അതിവേഗതയിൽ ബൈക്കിൽ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മതിലിൽ ഇടിച്ചുനിന്ന വാനിന്റെ അടിയിൽ നിന്നാണ് ഗുരുതര പരിക്കുകളോടെ ഷംനാദിനെ ഗുരുതരമായ അവസ്ഥയിൽ നാട്ടുകാർ രക്ഷപെടുത്തുന്നത്.

തലയ്ക്ക് സാരമായി പരിക്കേറ്റ ഷംനാദിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആക്രമണത്തിനിടെ പ്രതിക്കും പരിക്കേറ്റു. പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News