മധു ആൾകൂട്ട ആക്രമണത്തിൽ കൊല്ലപെട്ടിട്ട് ഇന്നേക്ക് നാലു വർഷം
ഈ മാസം 18 മുതലാണ് കേസിന്റെ വിചാരണ മണ്ണാർക്കാട് എസ്.സി - എസ്.ടി കോടതിയിൽ ആരംഭിച്ചത്
പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾകൂട്ട ആക്രമണത്തിൽ കൊല്ലപെട്ടിട്ട് ഇന്ന് നാലു വർഷം പൂർത്തിയാവുന്നു. ഏറെ വിവാദങ്ങൾക്കൊടുവിൽ ഈ മാസം 18ാം തിയതിയാണ് വിചാരണ ആരംഭിച്ചത്. ആദിവാസി വിഭാഗത്തോടുള്ള സർക്കാറിന്‍റേയും പൊതുജനങ്ങളുടെയും സമീപനം വ്യക്തമാക്കുന്നത് കൂടിയാണ് മധുവധക്കേസ്.
2018 ഫെബ്രുവരി 22 നാണ് ആൾകൂട്ട ആക്രമണത്തിൽ മധു എന്ന ചെറുപ്പകാരൻ കൊല്ലപെട്ടത്. ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചു എന്ന കാരണം പറഞ്ഞാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന കൊലപാതകം നടന്നത്. ഈ മാസം 18 മുതലാണ് കേസിന്റെ വിചാരണ മണ്ണാർക്കാട് എസ്.സി - എസ്.ടി കോടതിയിൽ ആരംഭിച്ചത്.
കേസിൽ 16 പ്രതികളാണ് ഉള്ളത്. മൂന്നാമത്തെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറാണ് കോടതിയിൽ ഹാജറാകുന്നത്. മധുവിനെ ആൾക്കൂട്ടം തല്ലികൊന്ന സംഭവം സർക്കാർ ഗൗരവത്തിലെടുക്കാത്തതാണ് കോടതി നടപടികൾ വൈകാൻ കാരണമെന്ന വിമർശനമുണ്ട്. കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്ന് വിചാരണ കോടതിയോട് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. പൊലീസിനെതിരെയും മധുവിന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. മധുവിന് നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം ജീവിക്കുന്നത്