മുഖ്യമന്ത്രിയുടെ വാട്‌സ്ആപ് പ്രൊഫൈലുണ്ടാക്കി തട്ടിപ്പിന് ശ്രമം
തമിഴ്‌നാട് സ്വദേശിയുടെ ഫോണ്‍ ഹാക്ക് ചെയ്ത ശേഷമാണ് മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് തട്ടിപ്പിന് ശ്രമിച്ചത്.
മുഖ്യമന്ത്രിയുടെ പേരിലും വാട്‌സ്ആപ് തട്ടിപ്പ്. മുഖ്യമന്ത്രിയുടെ വാട്‌സ്ആപ് പ്രൊഫൈലുണ്ടാക്കിയാണ് തട്ടിപ്പിന് ശ്രമം നടന്നത്. തമിഴ്‌നാട് സ്വദേശിയുടെ ഫോണ്‍ ഹാക്ക് ചെയ്ത ശേഷമാണ് മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് തട്ടിപ്പിന് ശ്രമിച്ചത്.
തമിഴ്‌നാട് സ്വദേശി ഗണേശന്‍റെ ഫോണാണ് ഹാക്ക് ചെയ്തത്. ഇയാളെ പൊലീസ് കണ്ടെത്തി. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ആര്‍ക്കും പണം നഷ്ടപ്പെട്ടിട്ടില്ല. നേരത്തെ സ്പീക്കറുടെ പേരിലും സമാന തട്ടിപ്പിന് ശ്രമം നടന്നിരുന്നു.
സ്പീക്കർ എം ബി രാജേഷിന്റെ പേരിലുള്ള വ്യാജ വാട്സാപ്പ് അക്കൗണ്ട് ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടക്കുന്നുണ്ടെന്ന് അറിയിച്ച് സ്പീക്കർ തന്നെ രംഗത്തുവരികയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് എം.ബി രാജേഷ് ഇക്കാര്യം അറിയിച്ചത്. തന്‍റെ പേരും ചിത്രവും ഉപയോഗിച്ച് 7240676974 എന്ന നമ്പറിൽ ഒരു വ്യാജ വാട്സാപ്പ് അക്കൗണ്ട് നിർമ്മിച്ച് ദുരുപയോഗം ചെയ്യുന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ഡി ജി പിക്ക് പരാതി നൽകിയെന്നും ഫേസ്ബുക് കുറിപ്പിലൂടെ എം.ബി രാജേഷ് വ്യക്തമാക്കി..