ഔഡി കാർ പിന്തുടർന്നെന്ന് ഡ്രൈവറുടെ മൊഴി: കൊച്ചി അപകടത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍
ഔഡി കാറിന്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സംഭവത്തിൽ മത്സരയോട്ടം നടന്നോ എന്ന് പൊലീസ് അന്വേഷിക്കും.
മുന്‍ മിസ് കേരള അന്‍സി കബീര്‍ അടക്കം മൂന്നുപേര്‍ മരിക്കാനിടയായ വാഹനാപകടത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. അപകടത്തിന് മുമ്പ് ഔഡി കാർ ചെയ്സ് ചെയ്തിരുന്നുവെന്ന് ഇവരുടെ ഡ്രൈവർ അബ്ദുൽ റഹ്മാന്റെ മൊഴി. ഔഡി കാറിന്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സംഭവത്തിൽ മത്സരയോട്ടം നടന്നോ എന്ന് പൊലീസ് അന്വേഷിക്കും. ഡിജെ പാർട്ടി നടന്ന ഹോട്ടലുടമയെ ഇന്ന് ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
പാര്‍ട്ടിക്ക് ശേഷം ഈ കാര്‍ തങ്ങളെ പിന്തുടരുകയായിരുന്നുവെന്നാണ് ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന്റെ മൊഴി. ഡ്രൈവര്‍ക്കെതിരെ പോലീസ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. അപകടത്തിന്റെ ചില സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. അതില്‍ ഒരു കാറ് പിന്തുടരുന്നതിന്റെ ദൃശ്യങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
മിസ് കേരള അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടത് അപകട മരണം ആണെന്ന കാര്യത്തില്‍ പൊലീസിന് സംശയമില്ല. പക്ഷെ ഇതിലേക്ക് നയിച്ച കാരണങ്ങളാണ് ഇപ്പോള്‍ പൊലീസിന്‍റെ പ്രധാന അന്വേഷണ വിഷയം. ഇതിനിടെയാണ് കേസില്‍ വഴിത്തിരിവിന് ഇടയാക്കിയേക്കാവുന്ന അബ്ദുള്‍ റഹ്മാന്റെ മൊഴി.
അതേസമയം അപകടമരണത്തിനു മുമ്പ് മുൻ മിസ് കേരള അൻസി കബീറും സുഹൃത്തുക്കളും പങ്കെടുത്ത ഡി.ജെ പാർട്ടിയുടെ ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പാർട്ടിയുടെ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് ഹോട്ടൽ അധികൃതർ ഒളിപ്പിച്ചുവെന്നാണ് പൊലീസ് നിഗമനം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമയോടു ഇന്നലെ വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദേശിച്ചത്. എന്നാൽ ഹോട്ടൽ ഉടമ ഹാജരായില്ല.