സമരം ചെയ്യുന്നവരെ മുഴുവൻ തീവ്രവാദികളാക്കുന്നത് ശരിയല്ല-വി.ഡി സതീശൻ
''ഒരു എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയുമല്ല. യു.ഡി.എഫിന്റെ കൗൺസിലറാണ് അവിടെയുള്ളത്. കൗൺസിലർ പോലും അറിയാതെയാണ് പദ്ധതി കൊണ്ടുവന്നത്.''
തിരുവനന്തപുരം: ആവിക്കൽതോട് മലിനജല പ്ലാന്റിനെതിരായ സമരത്തിനു പിന്നിൽ തീവ്രവാദികളാണെന്ന മന്ത്രി എം.വി ഗോവിന്ദന്റെ പരാമർശത്തിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. സമരം ചെയ്യുന്നവരെ മുഴുവൻ തീവ്രവാദികളാക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിമർശിച്ചു.
മാലിന്യ സംസ്‌കരണത്തിന് സർക്കാരിന് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ട്. ഇതുപോലൊരു പദ്ധതി നടപ്പാക്കാൻ കഴിയാത്ത സ്ഥലമാണ് ആവിക്കൽതോട്. ആയിരക്കണക്കിന് ആളുകൾ തിങ്ങിത്താമസിക്കുന്ന സ്ഥലമാണത്. അവിടെ കോർപറേഷന് സ്ഥലമുണ്ടെന്ന് പറഞ്ഞ് അവിടെ തന്നെ നടപ്പാക്കണമോ?-സതീശൻ ചോദിച്ചു.
''ഒരു എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയുമല്ല. യു.ഡി.എഫിന്റെ കൗൺസിലറാണ് അവിടെയുള്ളത്. കൗൺസിലർ പോലും അറിയാതെയാണ് പദ്ധതി കൊണ്ടുവന്നത്. വിളപ്പിൽശാല അടക്കമുള്ള പാഠങ്ങൾ നമ്മുടെ മുന്നിലുണ്ട്. നഗരത്തിന്റെ വിഴുപ്പും മാലിന്യവും കൊണ്ടുതള്ളേണ്ട ഇടമാണോ ഗ്രാമങ്ങൾ? നമ്മുടെ വീടിന്റെ അടുത്തേക്ക് ഇത്തരമൊരു പ്ലാന്റ് വന്നാൽ നമ്മുടെ പ്രതികരണം എങ്ങനെയാവും?''
പദ്ധതി നിർത്തിവയ്ക്കണം. പകരം മറ്റു സ്ഥലം കണ്ടെത്തണം. ആർക്കും പ്രയാസമില്ലാത്ത സ്ഥലം കണ്ടെത്തണം. സമരം ചെയ്യുന്നവരെ മുഴുവൻ തീവ്രവാദികളാക്കുന്നത് ശരിയല്ല-വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
എല്ലായിടത്തും തീവ്രവാദ ആരോപണം ഉന്നയിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും സിൽവർലൈനിലും ഇത് കണ്ടതാണെന്നും എം.കെ മുനീർ എം.എൽ.എ കുറ്റപ്പെടുത്തി. വിഷയത്തിൽ മുനീറാണ് നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചത്.
കണ്ണുകാണാത്ത യുവാവിനെ വളഞ്ഞിട്ട് മർദിക്കുകയുണ്ടായി. സ്ത്രീകൾക്കും മർദനമേറ്റു. എല്ലാത്തിൽനിന്നും രക്ഷപ്പെടാൻ സർക്കാർ തീവ്രവാദം ആരോപിക്കുകയാണ്. സമരം ചെയ്യുന്നത് തീവ്രവാദികളാണെന്നാണ് സർക്കാർ വാദം. സിൽവർലൈനിലും ഇതാണ് കണ്ടത്. കേരളം തീവ്രവാദികളുടെ താവളമായെന്ന് പറയാൻ മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ?-മുനീർ ചോദിച്ചു.
Summary: ''It is not right way to blame all the protestors as terrorists'', Kerala opposition leader VD Satheesan criticizes Minister MV Govindan's terrorist remarks over Avikkal sewage plant strike