എ.ഡബ്ല്യൂ.എച്ച്.ഒ ഫ്‌ളാറ്റ് നിർമാണത്തിലെ അപാകത: സൈന്യം അന്വേഷണമാരംഭിച്ചു
മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി
കൊച്ചി: എ.ഡബ്ല്യൂ.എച്ച്.ഒ ഫ്‌ളാറ്റ് നിർമാണത്തിലെ അപാകത സംബന്ധിച്ച് സൈന്യം അന്വേഷണമാരംഭിച്ചു. നിർമാണ ക്രമക്കേട് അന്വേഷിക്കാൻ കോർട്ട് ഓഫ് എൻക്വയറി ഉത്തരവിട്ടു. കേണൽ ദ്വിഗ്‌വിജയ് സിംഗ് അധ്യക്ഷനായ സമിതിയേയും നിയോഗിച്ചു. ക്രമക്കേടിന്റെ ഉത്തരവാദികളെ കണ്ടെത്തണമെന്നും ഉത്തരവിലുണ്ട്. അന്വേഷണത്തിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. മീഡിയവൺ ആണ് ഇതുസംബന്ധിച്ച ക്രമക്കേട് പുറത്ത്‌കൊണ്ടുവന്നത്. കൊച്ചിയിലെ 26 നിലകളുള്ള രണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങളിലാണ് നിർമാണത്തിൽ വൻ അപകാത കണ്ടെത്തിയത്. സൈന്യത്തിൽ നിന്നും വിരമിച്ചവരാണ് ഈ ഫ്‌ളാറ്റുകൾ വാങ്ങിയത്.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആർമി വെൽഫയർ ഹൗസിങ് ഓർഗനൈസേഷൻ സൈനികർക്കായി നിർമ്മിച്ചു നൽകിയ കൊച്ചിയിലെ ചന്ദർ കുഞ്ച് പ്രോജക്റ്റാണ് താമസ യോഗ്യമല്ലാതായത്. വൈറ്റിലയിലെ സിൽവർ സാൻഡ് ഐലൻഡിൽ 2018ൽ നിർമാണം പൂർത്തിയാക്കി ഉടമസ്ഥർക്ക് കൈമാറിയ ഫ്ളാറ്റുകൾ നാല് വർഷം കൊണ്ട് തകർച്ചയുടെ വക്കിലെത്തി. സൈനികർക്കും അവരുടെ കുടുംബങ്ങൾക്കുമായി 200 കോടി മുതൽ മുടക്കി നിർമ്മിച്ച ഫ്ളാറ്റ് സമുച്ചയം ഉപയോഗിക്കാനാകാത്ത അവസ്ഥയിലാണ്.
26 നിലകളിലായി സ്ഥിതി ചെയ്യുന്ന രണ്ട് ടവറുകളുടെയും അവസ്ഥ ആശങ്കജനകമാണ്. പൊട്ടിപൊളിഞ്ഞ ചുവരുകളും കോൺക്രീറ്റ് ഇളകി കമ്പികൾ തെളിഞ്ഞു കാണുന്ന സ്ലാബുകളും തകർന്ന് നിലയിലുള്ള ബീമുകളുമാണ് ഫ്ളാറ്റിലുള്ളത്. കോൺഗ്രീറ്റ് ഭാഗങ്ങൾ പലയിടത്തും തകർന്നു. വലിയ ടൈൽ കഷ്ണങ്ങൾ ഇളകി വീഴുന്നത് ഫ്ളാറ്റിൽ നിത്യസംഭവമായി മാറിയിരിക്കുന്നു. മൂന്ന് ടവറുകളുള്ള ഫ്ളാറ്റ് സമുച്ചയത്തിൽ 265 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരിൽ അധികവും നിലവിൽ സേനയിൽ ജോലി ചെയ്യുന്നവരും വിരമിച്ചവരോ ആണ്.ഇവരിൽ പലരും സേനയിൽ നിന്ന് ഇപ്പോഴും ഏതെങ്കിലും തരത്തിൽ സഹായങ്ങൾ കൈപ്പറ്റുന്നതിൽ പ്രതികരിക്കാൻ തയ്യാറല്ല.
അശാസ്ത്രീയ നിർമാണമാണ് ഫ്ളാറ്റിന്റെ ശോചനിയവസ്ഥയ്ക്ക് കാരണമെന്നാണ് ഫ്ളാറ്റ് ഉടമകൾ പറയുന്നത്. ഫ്ളാറ്റ് ഉടമകളുടെ പരാതിയിൽ തിരുവനന്തപുരം ഗവ. എൻജിനിയറിങ് കോളജ് നടത്തിയ പഠന റിപ്പോർട്ടിലും നിർമാണത്തിലെ വീഴ്ചകൾ എണ്ണി പറയുന്നുണ്ട്. നിർമാണ സമയത്ത് ഉപയോഗിച്ച സിമന്റിന്റെയോ മണലിന്റെയോ കമ്പിയുടെയോ ഗുണമേന്മ തെളിയിക്കുന്ന ഒരു രേഖകളും എ.ഡബ്ല്യു എച്ച്.ഒയുടെ കയ്യിലില്ലെന്നും നിർമാണസമയത്ത് നടത്തേണ്ട ഗുണമേന്മ പരിശോധനകൾ ഒന്നും നടത്തിയതിന് തെളിവില്ലെന്നും പഠന റിപ്പോർട്ടിലുണ്ട്. നിർമാണത്തിൽ ഗുണമേന്മയുള്ള വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്നത് വസ്തുതയായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ഫ്ളാറ്റിന്റെ ബലക്ഷയത്തിന് ശാശ്വത പരിഹാരമില്ലെന്നാണ് തിരുവനന്തപുരം ഗവ. എൻജിനിയറിങ് കോളജ് നടത്തിയ പഠന റിപ്പോർട്ടും സൂചിപ്പിക്കുന്നത്. ഫ്ളാറ്റിന്റെ എല്ലാ ഭാഗത്തെ കോൺക്രീറ്റിലും ക്ലോറൈഡിന്റെ അംശം ഉയർന്ന നിലയിലാണ്. ഇത് അറ്റക്കുറ്റപണികൾക്കുള്ള സാധ്യതകളെ ബാധിക്കുന്നു. ഫ്ളാറ്റിന്റെ ബലക്ഷയം പരിഹരിക്കാൻ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ പ്രായോഗികമായി നടപ്പാക്കാൻ കഴിന്നവയല്ല എന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തിയാൽ ഫ്ളാറ്റിലെ കാർ പാർക്കിങ് ഏരിയ ഒഴിവാക്കേണ്ടി വരും. ഫ്ളാറ്റിലെ വയറിങും പ്ലബിങ്ങും ഫയർ ആൻഡ് സേഫ്റ്റി സംവിധാനങ്ങൾ പൂർണമായി മാറ്റണം. അറ്റക്കുറ്റപണികൾക്ക് 18 മാസം സമയം വേണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഫ്ളാറ്റിന്റെ ബലക്ഷയം സംബന്ധിച്ചുള്ള പ്രശ്നങ്ങൾ 2020 മുതൽ ആരംഭിച്ചതാനെന്നാണ് താമസക്കാർ പറയുന്നു. നിരന്തരമുള്ള പരാതികൾ എ.ഡബ്ല്യു എച്ച്.ഒ പലപ്പോഴും അവഗണിച്ചെന്നും ആക്ഷേപമുണ്ട്. താമസക്കാരുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കങ്ങളും ഈ കാലയളവിൽ എ.ഡബ്ല്യു എച്ച്.ഒ നടത്തിയെന്നും ആരോപണമുണ്ട്. ഫ്ളാറ്റ് ഉടമകളുടെ പരാതികൾ വ്യാപകമായതോടെ എ.ഡബ്ല്യു എച്ച്.ഒ നിയോഗിച്ച സ്വകാര്യ ഏജൻസി രണ്ട് വട്ടം ഫ്ളാറ്റിൽ പരിശോധന നടത്തി.
എന്നാൽ വസ്തുതകൾ മറച്ചു വെച്ചുള്ള റിപ്പോർട്ടാണ് ഏജൻസിയും എ.ഡബ്ല്യു എച്ച്.ഒയും ഫ്ളാറ്റ് ഉടമകൾക്ക് നൽകിയത്. ഇത് സംബന്ധിച്ച് താമസക്കാർ നിയമ പോരാട്ടം നടത്തിയതോടെ സർക്കാർ ഏജൻസിയെ ഉപയോഗിച്ച് പരിശോധന നടത്താൻ എ.ഡബ്ല്യു എച്ച്.ഒ നിർബന്ധിതരായി. സ്വകാര്യ-സർക്കാർ ഏജൻസികളെ ഉപയോഗിച്ച് നടത്തിയ പരിശോധനകൾക്കായി കോടികളാണ് എ.ഡബ്ല്യു എച്ച്.ഒ മുടക്കിയത്.
എ.ഡബ്ല്യു എച്ച്.ഒ പട്ടാളക്കാർക്കായി കുറഞ്ഞ ചിലവിൽ ഫ്ളാറ്റ് നിർമ്മിച്ചു നൽകാനുളള പദ്ധതിക്കായി സിൽവർ സാന്റ് ഐലന്റിൽ 4.25 ഏക്കർ ഭൂമി വാങ്ങിയത് . സ്ഥലം വാങ്ങി 25 വർഷങ്ങൾക്ക് ശേഷമാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2015ൽ നിർമാണം ആരംഭിച്ച ഫ്ളാറ്റുകൾ മൂന്ന് വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്.