അസ്ഹറുദ്ദീൻ പാലോട് അനുസ്മരണ സംഗമം ജനുവരി രണ്ടിന് കോഴിക്കോട്ട്
ജാമിഅ മില്ലിയ ഇസ്ലാമിയ്യ കേന്ദ്ര സർവകലാശാലയുടെ മലയാളി വിദ്യാർത്ഥി കൂട്ടായ്മ 'സ്മൃതി'യുടെ അലുംനി വിഭാഗമാണ് 'അസറുവിനെ പറയുമ്പോൾ' എന്ന പേരിൽ അനുസ്മരണം സംഘടിപ്പിക്കുന്നത്.
കോഴിക്കോട്: ഡിസംബർ 23ന് ഡൽഹിയിൽ മരണപ്പെട്ട മലയാളി വിദ്യാർഥി നേതാവ് അസ്ഹറുദ്ദീൻ പാലോട് അനുസ്മരണ സമ്മേളനം 2024 ജനുവരി രണ്ടിന് കോഴിക്കോട്ട് നടക്കും. വൈകുന്നേരം മൂന്നിന് കോഴിക്കോട് ലീഗ് ഹൗസ് സി.എച്ച് ഓഡിറ്റോറിയത്തിൽ ഡൽഹിയിലെ ജാമിഅ മില്ലിയ ഇസ്ലാമിയ്യ കേന്ദ്ര സർവകലാശാലയുടെ മലയാളി വിദ്യാർത്ഥി കൂട്ടായ്മ 'സ്മൃതി'യുടെ അലുംനി വിഭാഗമാണ് 'അസറുവിനെ പറയുമ്പോൾ' എന്ന പേരിൽ അനുസ്മരണം സംഘടിപ്പിക്കുന്നത്.
ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ, ഡൽഹി മലയാളി വിദ്യാർത്ഥി കൂട്ടായ്മ 'സ്മൃതി' മുൻ കൺവീനർ, എം.എസ്.എഫ് ഡൽഹി സംസ്ഥാന ട്രഷറർ, എം.എസ്.എഫ് ജാമിഅ മില്ലിയ്യ മുൻ സെക്രട്ടറി, കെ.എം.സി.സി ഡൽഹി സെക്രട്ടറി, നാഷണൽ എസ്.കെ.എസ്.എസ്.എഫ് എക്‌സിക്യൂട്ടീവ് മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന, രാഷ്ട്രീയ, മത- സാമൂഹിക മണ്ഡലങ്ങളിൽ ഏറെ സജീവമായിരുന്ന വിദ്യാർഥി നേതാവായിരുന്നു അസ്ഹറുദ്ദീൻ.
പരിപാടിയിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.എം.എ സലാം, കമാൽ വരദൂർ, സി.പി സൈതലവി, റൈഹാന കാപ്പൻ, ഡോ. കെ.ടി ജാബിർ, ജാമിഅ മില്ലിയ്യ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി അധ്യാപകരായ ഡോ. ഹബീബ് റഹ്മാൻ, ഡോ. സമീർ ബാബു തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.