അട്ടപ്പാടിയിൽ നാല് മാസം പ്രായമായ കുഞ്ഞിനെ സംസ്‌കരിച്ചത് മൂന്നരകിലോമീറ്റർ നടന്നും വള്ളിയിൽ തൂങ്ങി പുഴ കടന്നും
ഊരിലേക്ക് യാത്രാസൗകര്യം ഇല്ലാത്തതിനാലാണ് സ്വന്തം കുഞ്ഞിന്റെ മൃതദേഹം അച്ഛന് ഇങ്ങനെ കൊണ്ടുപോകേണ്ടി വന്നത്
അട്ടപ്പാടി: മൂന്നരകിലോമീറ്റർ നടന്നും വള്ളിയിൽ തൂങ്ങി പുഴകടന്നുമാണ് അട്ടപ്പാടി മുരുഗള ഊരിലെ അയ്യപ്പനെന്ന അച്ഛൻ, അസുഖം മൂലം മരിച്ച നാല് മാസം പ്രായമായ കുഞ്ഞിനെ സംസ്‌കരിച്ചത്. പെരുമഴയത്ത് പിഞ്ചുമകന്റെ മൃതദേഹം നെഞ്ചോട് ചേർത്ത് ഒന്നര മണിക്കൂർ നടന്നു അയ്യപ്പൻ. മുരഗള ഊരിലാണ് ഇദ്ദേഹത്തിന്റെ വീട്. ഊരിലേക്ക് യാത്രാസൗകര്യം ഇല്ലാത്തതിനാലാണ് സ്വന്തം കുഞ്ഞിന്റെ മൃതദേഹം ഇങ്ങനെ കൊണ്ടുപോകേണ്ടി വന്നത്.
കഴിഞ്ഞ ദിവസമാണ് മുരഗള ഊരിലെ അയ്യപ്പന്റെ കുഞ്ഞ് മരിച്ചത്. നവജാത ശിശുവിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം ചെയ്തത്. തിരികെ ഊരിലെത്തി സംസ്‌ക്കരിക്കുകയെന്നത് ഏറെ ശ്രമകരമായിരുന്നു. ഊരിലേക്കുള്ള വഴിയിൽ തടിക്കുണ്ട് വരെ മാത്രമെ ആബുലൻസ് വരൂ. പിന്നെ നടക്കുകയാണ് പതിവ്. സ്വന്തം കുഞ്ഞിന്റെ മൃതദേഹം നേഞ്ചോട് ചേർത്ത് അയ്യപ്പൻ നടന്നു. കാടും തോടും , തൂക്കുപാലവും കടന്ന്. കണ്ടാൽ നെഞ്ച് ഉലഞ്ഞ് പോകുന്നതായിരുന്നു പാലമില്ലത്ത പുഴക്ക് കുറകെയുള്ള മരത്തിലൂടെയുള്ള യാത്ര. അയ്യപ്പനും മുരഗള ഊരിലുള്ളവർക്കും ഇത് പുതിയ അനുഭവമല്ല. എന്നാൽ കുഞ്ഞിന്റെ മൃതദേഹം കാണനെത്തിയ എം.പി ശ്രീകണ്ഠനടക്കമുള്ളവർക്ക് ഇത് പുതിയ അനുഭവം തന്നെയായിരുന്നു.