രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ടു കേസില്‍ ജാമ്യം; ജയിലില്‍ തുടരും

ആദ്യ കേസിൽ ജാമ്യം കിട്ടാത്തതിനാൽ ജയിലില്‍ തന്നെ തുടരേണ്ടിവരും

Update: 2024-01-16 11:51 GMT
Editor : Shaheer | By : Web Desk

രാഹുല്‍ മാങ്കൂട്ടത്തില്‍

Advertising

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു ജാമ്യം. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട പുതിയ രണ്ട് കേസുകളിലാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, ആദ്യത്തെ കേസില്‍ റിമാൻഡ് കാലാവധി തീരാത്തതിനാല്‍ ജയിലില്‍ തന്നെ തുടരേണ്ടിവരും. കേസിലെ ജാമ്യാപേക്ഷയും ഇന്നു പരിഗണിക്കും.

ഇന്നു രാവിലെയോടെയാണ് രാഹുലിനെ പുതിയ കേസുകളില്‍ കൂടി അറസ്റ്റ് ചെയ്തത്. സെക്രട്ടറിയേറ്റ് മാർച്ചിലെടുത്ത രണ്ട് കേസുകളിലും ഡി.ജി.പി ഓഫീസ് മാർച്ചിലെടുത്ത കേസിലുമായിരുന്നു നടപടി. പൂജപ്പുര ജയിലിലെത്തിയാണ് തിരുവനന്തപുരം കന്റോൺമെന്റ്- മ്യൂസിയം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസുകളിൽ റിമാൻഡ് ചെയ്യാനായായിരുന്നു രാഹുലിനെ കോടതിയിൽ ഹാജരാക്കിയത്.

ജനുവരി ഒന്‍പതിനാണ് പുലര്‍ച്ചെ പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് പൊലീസ് രാഹുലിനെ നാടകീയമായി കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തിരുവനന്തപുരം കന്റോൺമെന്റ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഡിസംബര്‍ 20നു നടന്ന യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസുകളിലായിരുന്നു നടപടി. രാഹുൽ സ്ത്രീകളെ മുന്നിൽനിർത്തി അക്രമം നടത്തിയെന്ന് റിമാന്‍ഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. പട്ടിക കഷണം ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചതായും ചൂണ്ടിക്കാട്ടുന്നുണ്ട്.

രാഹുൽ അക്രമത്തിന് പ്രോത്സാഹനം നൽകിയെന്ന് പ്രോസിക്യൂഷൻ വഞ്ചിയൂര്‍ കോടതിയില്‍ വാദിച്ചു. അണികളെ തടയുന്നതിന് പകരം പൊലീസിനെ ആക്രമിച്ചു. തുടർച്ചയായി അക്രമം നടത്തി. പിരിഞ്ഞുപോയവരെ തിരികെവിളിച്ച് അക്രമം നടത്തി. അതിരുകടന്ന പ്രതിഷേധമാണ് നടന്നത്. അക്രമം ഉണ്ടായിട്ടും പൊലീസ് സംയമനം പാലിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. രാഹുലിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തിരുന്നു.

Summary: Bail for Youth Congress Kerala state president Rahul Mamkootathil

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News