ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ ഓർമയിൽ ഇന്ന് ദുഃഖവെള്ളി
കുരിശുമരണത്തിന്റെ സ്മരണകളിലൂടെയാണ് ഇന്ന് വിശ്വാസികൾ കടന്നുപോവുക
ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ ഓർമ പുതുക്കി വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ദേവാലയങ്ങളിൽ കുരിശിന്റെ വഴിയും പ്രത്യേക പ്രാർഥനയും നടക്കും. ബൈബിളിലെ സമാന്തര സുവിശേഷങ്ങളിലെ തീവ്രവേദനയുടെ അധ്യായങ്ങളെ ആസ്പദമാക്കിയാണ് ദുഃഖവെള്ളിയെ ക്രൈസ്തവർ ക്രമീകരിച്ചിട്ടുള്ളത്. കുരിശുമരണത്തിന്റെ സ്മരണകളിലൂടെയാണ് ഇന്ന് വിശ്വാസികൾ കടന്നുപോവുക. പീലാത്തോസിന്റെ അരമനയിലെ വിചാരണ മുതൽ യേശുവിന്റെ മൃതദേഹം കല്ലറയിൽ അടക്കുംവരെയുള്ള സംഭവങ്ങളാണ് ദുഃഖവെള്ളി ആചരണത്തിന്റെ അടിസ്ഥാനം.
അന്ത്യഅത്താഴത്തിന് ശേഷം യേശുവിനെ ശിഷ്യരിൽ ഒരാളായ യൂദാസ് ഒറ്റിക്കൊടുക്കുന്നു. പിന്നീട് അരമനയിലെ വിചാരണയും മുൾകിരീടവും ചാട്ടവാറടിയും യേശു ഏറ്റുവാങ്ങുന്നു. ഗാഗുൽത്താ മലയലിലേക്ക് കുരിശും വഹിച്ചുള്ള യാത്രക്ക് പിന്നാലെ കുരിശിൽ തറയ്ക്കപ്പെട്ടുള്ള മരണം. ഈ പീഡാനുഭവങ്ങളാണ് ദുഃഖവെള്ളിയിലൂടെ അർഥമാക്കുന്നത്.
പ്രത്യേക പ്രാർഥനകളും ശുശ്രൂഷകളും ദേവാലയങ്ങളിൽ നടക്കുകയാണ്. പീഡാനുഭവത്തിലെ പതിനാല് സംഭവങ്ങൾ അനുസ്മരിപ്പിക്കുന്ന കുരിശിന്റെ വഴിയാണ് പ്രധാന കർമം. നഗരികാണിക്കൽ, തിരുസ്വരൂപം ചുംബിക്കൽ എന്നീ ചടങ്ങുകളുമുണ്ട്. മനുഷ്യരാശിയുടെ പാപപരിഹാരത്തിനായി ദൈവപുത്രനായ യേശുക്രിസ്തു കുരിശിൽ മരിച്ചുവെന്നും മൂന്നാം നാൾ ഉയർത്തെഴുനേറ്റുവെന്നുമാണ് വിശ്വാസം.
Believers today observe Good Friday to renew the memory of Christ's suffering