വീണ്ടും കാടിറങ്ങി ബേലൂർ മഗ്ന ; മുള്ളൻകൊല്ലി പഞ്ചായത്തിൽ ജാഗ്രതാ നിർദേശം
വയനാട് പടമലയിൽ അജീഷിനെ കൊലപ്പെടുത്തിയ ആനയാണ് ബേലൂർ മഗ്ന
വയനാട്: വയനാട് പടമലയിൽ അജീഷിനെ കൊലപ്പെടുത്തിയ ബേലൂർ മഗ്ന വീണ്ടും ജനവാസ കേന്ദ്രത്തിലിറങ്ങി. കബനി പുഴ കടന്നാണ് ആനമുള്ളൻകൊല്ലി പെരിക്കല്ലൂർ ഭാഗത്തെത്തിയത്. മുള്ളൻകൊല്ലി പഞ്ചായത്തിലുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഇന്നലെ രാത്രി ബൈരക്കുപ്പ ഭാഗത്തേക്ക് നീങ്ങിയ ആന പുഴ കടന്ന് വീണ്ട് കേരളത്തിലെത്തിയത്.പെരിക്കല്ലൂർ മരക്കടവ് പാലത്തിന് സമീപമാണ് ആന ഇപ്പോഴുള്ളത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം, രൂക്ഷമായ വന്യജീവി ആക്രമണ പശ്ചാത്തലത്തിൽ വയനാട്ടിൽ ഇന്ന് വിവിധ വകുപ്പ് മന്ത്രി മാരുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേരും.വന്യജീവി ആക്രമണം നേരിട്ടവരുടെ കുടുംബാംഗങ്ങളെ സംഘം സന്ദർശിക്കും.കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് യുഡിഎഫ് ഇന്ന് പ്രതിഷേധിക്കും.
രാവിലെ പത്തിന് സുൽത്താൻബത്തേരി നഗരസഭ കോൺഫറൻസ് ഹാളിൽ ആണ് യോഗം. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും മന്ത്രിമാർ കൂടിക്കാഴ്ച നടത്തും. തുടർന്ന് വന്യജീവി ആക്രമണം നേരിട്ടവരുടെ കുടുംബാംഗങ്ങളെ മന്ത്രിതല സംഘം സന്ദർശിക്കും. വനം, റവന്യൂ, തദ്ദേശ വകുപ്പ് മന്ത്രിമാരാണ് യോഗത്തിന് നേതൃത്വം നൽകുന്നത്.
വയനാട്ടിലെ വന്യജീവി ശല്യത്തിന് എതിരെ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് യുഡിഎഫ് കൽപ്പറ്റ നഗരത്തിൽ രാപ്പകൽ പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധം ഉദ്ഘാടനം ചെയ്യുന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കാട്ടാന ആക്രമണത്തിൽ കൊല്ലപെട്ടവരുടെ വീടുകളും സന്ദർശിക്കും. വനപാലകർക്കെതിരെ സംഘടിത ആക്രമണം നടക്കുന്നു എന്ന് ആരോപിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷനും ഇന്ന് കൽപ്പറ്റയിൽ പ്രതിഷേധ കൂട്ടായ്മയും ഉപവാസവും പ്രഖ്യാപിച്ചിട്ടുണ്ട്.