ഭഗവൽ സിങ്ങിന് ശബ്ദ സന്ദേശമയച്ചത് മറ്റൊരാൾ; ഷാഫിയുടെ സഹായിയെ പൊലീസ് തിരിച്ചറിഞ്ഞു
കൃത്യത്തിൽ നേരിട്ട് പങ്കാളിയായിട്ടില്ലെങ്കിലും കർമ്മ പദ്ധതി തയ്യാറാക്കുന്നതിൽ ഇയാളുടെയും സ്വാധീനമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ
പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസിലെ മുഖ്യപ്രതി ഷാഫിയുടെ സഹായിയെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ സഹായത്തോടെയാണ് ഭഗവൽ സിങ്ങിനെയും ലൈലയെയും ഷാഫി കെണിയിലാക്കിയത് .ശബ്ദ സന്ദേശങ്ങളിലൂടെയും മെസഞ്ചർ - വാട്‌സാപ്പ് കോളുകളിലൂടെയുമാണ് ഇയാൾ ഭഗവൽ സിഗുമായി സംസാരിച്ചത്. ഇയാളെ അന്വേഷണ സംഘം ഉടൻ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.
കേസിൽ നാലാമതൊരു പ്രതിയെ കൂടി കണ്ടെത്തിയിരിക്കുകയാണ് അന്വേഷണ സംഘം. കൃത്യത്തിൽ നേരിട്ട് പങ്കാളിയായിട്ടില്ലെങ്കിലും കർമ്മ പദ്ധതി തയ്യാറാക്കുന്നതിൽ ഇയാളുടെയും സ്വാധീനമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഷാഫിയുമായി ദീർഘകാലത്തെ ബന്ധമുള്ളയാളാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഷാഫി കോലഞ്ചേരി ബലാംത്സഗക്കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന സമയത്ത് ഇയാളാണ് ശ്രീദേവി-ശ്രീദേവി എന്ന വ്യാജ അക്കൗണ്ടിൽ നിന്നും ഭഗവൽ സിങ്ങുമായി ബന്ധപ്പെട്ടത്. ലൈലയുമായും ഇയാൾ സംസാരിച്ചിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിനു തെളിവായി മാറിയ ചില ശബ്ദ സന്ദേശങ്ങൾ അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടുതല് സന്ദേശങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
നരബലി കേസ് പ്രതികൾ കൊലപാതകങ്ങൾ നടത്തിയത് രണ്ട് തരം ലക്ഷ്യങ്ങളോടെയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കൊലപാതകങ്ങളിലൂടെ ഷാഫി ലക്ഷ്യമിട്ടത് സാമ്പത്തിക ലാഭവും ലൈംഗിക സംതൃപ്തിയുമായിരുന്നു. ഭഗവല് സിങ്ങും ലൈലയും ആഭിചാര ക്രിയ വഴിയുള്ള സാമ്പത്തിക ഉന്നതി ലക്ഷ്യമിട്ടിരുന്നു. ലൈംഗിക അഭിവൃദ്ധി ഇവരും ആഗ്രഹിച്ചിരുന്നുവെന്നാണ് നിഗമനം.