'ഒരു മാനവും കിട്ടിയില്ല, പിന്നെയല്ലേ സ്ഥാനമാനം'; ബി.ജെ.പി വിട്ടതിനെക്കുറിച്ച് ഭീമൻ രഘു
ചിന്തിക്കുന്നവർക്ക് ബി.ജെ.പിയിൽ പ്രവർത്തിക്കാനാവില്ലെന്നും സി.പി.എമ്മിൽ ചേർന്ന ശേഷം ഭീമൻ രഘു പറഞ്ഞു.
തിരുവനന്തപുരം: സ്ഥാനമാനം കിട്ടിയില്ല എന്നതല്ല ബി.ജെ.പിയിൽ പോയതുകൊണ്ട് ഉള്ള മാനവും കളഞ്ഞുകുളിച്ച അവസ്ഥയാണെന്ന് നടൻ ഭീമൻ രഘു. എ.കെ.ജി സെന്ററിലെത്തി സി.പി.എം അംഗത്വം സ്വീകരിച്ച ശേഷം മീഡിയവണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാണുന്നവരെല്ലാം ഒരു അവജ്ഞതയോടെ നോക്കുന്നു എന്ന സ്ഥിതിയായി. അവർ അങ്ങനെ കണ്ടില്ലെങ്കിലും തനിക്ക് അങ്ങനെയാണ് തോന്നിയത്. മുഖ്യമന്ത്രിയുമായി നേരത്തെ അടുപ്പമുണ്ട്. ഇന്നലെ ക്ലിഫ് ഹൗസിലെത്തി അദ്ദേഹത്തെ കണ്ടെന്നും ഭീമൻ രഘു പറഞ്ഞു.
മോദിയോട് ആരാധന തോന്നിയെന്ന് പറഞ്ഞിട്ടില്ല. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. ഇപ്പോൾ പ്രധാനമന്ത്രി ഒരുപാട് മാറിപ്പോയി. മാധ്യമവാർത്തകളിൽനിന്ന് അത് മനസ്സിലാകും. ചിന്തിക്കാൻ കഴിവുള്ളവർക്ക് ബി.ജെ.പിയിൽ പ്രവർത്തിക്കാൻ വലിയ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
താൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ മണ്ഡലത്തിൽ വരാൻ പോലും സുരേഷ് ഗോപി തയ്യാറായില്ലെന്നും ഭീമൻ രഘു പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ഏഴ് തവണ അദ്ദേഹത്തെ വിളിച്ചെങ്കിലും സെക്രട്ടറിയാണ് ഫോൺ എടുത്തത്. എട്ടാമത്തെ തവണയാണ് അദ്ദേഹത്തോട് സംസാരിക്കാനായത്. പ്രധാനമന്ത്രിക്കൊപ്പം പരിപാടിയിൽ പങ്കെടുക്കാനുണ്ട് അതുകൊണ്ട് പത്തനാപുരത്ത് വരാനാവില്ല എന്നായിരുന്നു അപ്പോൾ മറുപടിയെന്നും രഘു പറഞ്ഞു.