മസ്തിഷ്ക മരണം സംഭവിച്ച ബിജുവിന്‍റെ അവയവങ്ങള്‍ നാല് പേര്‍ക്ക് പുതുജീവനേകും
നാലു പേർക്ക് പുതുജീവനേകിയാണ് ബിജു യാത്രയായത്
മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി ബിജു കുമാറിന്‍റെ അവയവങ്ങൾ ദാനം ചെയ്തു. സർക്കാർ പദ്ധതിയായ മൃതസഞ്ജീവനിയിലൂടെ ആയിരുന്നു അവയവദാനം. നാലു പേർക്ക് പുതുജീവനേകിയാണ് ബിജു യാത്രയായത്. ബിജുവിന്‍റെ ഹൃദയവും കരളും കിഡ്നിയും കണ്ണും ഇനി ഇവരിലൂടെ സ്പന്ദിക്കും. അതെ സമയം അവയവദാനത്തിന് സന്നദ്ധരായ കുടുംബത്തെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ആദരവറിയിച്ചു. ഏറെ വിഷമാവസ്ഥയിലും അവയവദാനത്തിന് മുന്നോട്ടുവന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒരു പോലെ പ്രകീര്‍ത്തിക്കുന്നതായും മന്ത്രി അറിയിച്ചു.
അവയവദാനത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൂന്നരയോടെ തിരുവനന്തപുരത്തുനിന്ന് ഹൃദയം വിമാനമാർഗം ചെന്നൈയിലേക്ക് കൊണ്ടുപോയി. കരൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ രോഗിക്കും വൃക്ക മെഡിക്കൽ കോളേജിലെ രോഗിക്കും നൽകും. അവയവദാനം മഹത്തരമാണെന്നും ദാനം ചെയ്യാനുള്ള തീരുമാനം സമൂഹം മാതൃകയാക്കണമെന്നും ബിജുവിന്‍റെ അച്ഛൻ പറഞ്ഞു.
മീരയാണ് ബിജുവിന്‍റെ ഭാര്യ, ശ്രീനന്ദന ഏകമകളാണ്. ബിജുവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ രാഷ്ട്രീയ സാമൂഹിക രംഗത്തെ നൂറുകണക്കിനാളുകൾ വീട്ടിൽ എത്തിയിരുന്നു.