കേരളമല്ല ഇന്ത്യ, യാഥാർത്ഥ്യം മറ്റൊന്ന്; കോൺഗ്രസുമായി സഹകരണം വേണം- ബിനോയ് വിശ്വം

"ഇന്ത്യയെ കണ്ടെത്താൻ നെഹ്രു നടത്തിയ നിരങ്കുശമായ ആത്മാർപ്പണത്തെ അവഗണിക്കാൻ നിങ്ങൾക്കാവില്ല"

Update: 2022-01-05 05:54 GMT
Editor : abs | By : Web Desk
Advertising

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മുൻനിർത്തി ദേശീയ തലത്തിൽ കോൺഗ്രസുമായി സഹകരണം ആവശ്യമാണെന്ന് സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം. കേരളമല്ല ഇന്ത്യയെന്നും രാജ്യത്തിന്റെ യാഥാർഥ്യം മറ്റൊന്നാണ് എന്നും മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് തകരരുത് എന്നാണ് ഇടപക്ഷം ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.

നെഹ്‌റുവിന്റെ സ്ഥാനത്തേക്ക് മറ്റാരെയെങ്കിലും പ്രതിഷ്ഠിക്കാനുള്ള തീവ്രവലതുപക്ഷത്തിന്റെ ശ്രമങ്ങൾ ചെറുത്തു തോൽപ്പിക്കേണ്ടതാണ് എന്ന് ബിനോയ് വിശ്വം എഴുതി.

'നെഹ്രുവിനോട് നിങ്ങൾക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ, ഇന്ത്യയെ കണ്ടെത്താൻ നെഹ്രു നടത്തിയ നിരങ്കുശമായ ആത്മാർപ്പണത്തെ അവഗണിക്കാൻ നിങ്ങൾക്കാവില്ല. ഇടതുപക്ഷവും നെഹ്രുവും തമ്മിൽ കലഹിച്ച സന്ദർഭങ്ങൾ വിരളമല്ല. എന്നാൽ, ചരിത്രത്തിലെ നെഹ്രുവിന്റെ സ്ഥാനത്തെ തുടച്ചുമാറ്റി അവിടെ മറ്റാരെയെങ്കിലും പ്രതിഷ്ഠിക്കാനുള്ള തീവ്രവലതുപക്ഷത്തിന്റെ നീക്കങ്ങളോട് സന്ധിചെയ്യാൻ ഇടതുപക്ഷത്തിന് ഒരിക്കലും കഴിയില്ല. ഇന്ത്യയുടെ മതേതര, ജനാധിപത്യ അടിത്തറ പണിതതിലും അമൂർത്തമാണെങ്കിലും സോഷ്യലിസ്റ്റ് ലക്ഷ്യം പ്രഖ്യാപിച്ചതിലും നെഹ്രുവിന്റെ ചരിത്രവീക്ഷണവും ദർശനവുംവഹിച്ച പങ്ക് ആർക്കും അവഗണിക്കാൻകഴിയില്ല. നിർഭാഗ്യവശാൽ നെഹ്രു ജീവിതംകൊടുത്ത പാർട്ടി അദ്ദേഹത്തെ വിസ്മരിക്കുകയായിരുന്നു. അവിടെനിന്നാരംഭിക്കുന്നു കോൺഗ്രസിന്റെ അധഃപതനം.' - അദ്ദേഹം കുറിച്ചു.

ബിജെപിയെയും കോൺഗ്രസിനെയും ഒരുപോലെ കാണാനാകില്ല എന്ന് പറയുന്ന ബിനോയ് വിശ്വം അതേക്കുറിച്ച് എഴുതുന്നതിങ്ങനെ;

'കേരളത്തിലേതുപോലെ ഒരു ഇടതുപക്ഷ ജനാധിപത്യമുന്നണി ഇന്ത്യയിലാകെ ശക്തമായിരുന്നെങ്കിൽ എന്ന് നമുക്കു ചിന്തിക്കാം. സങ്കീർണമായ ഇന്ത്യൻ രാഷ്ട്രീയസാഹചര്യങ്ങളിൽ അത് എത്രമാത്രം പ്രായോഗികമാണെന്ന് ആലോചിക്കാനും രാഷ്ട്രീയയാഥാർഥ്യങ്ങൾ ഇടതുപക്ഷത്തോട് ആവശ്യപ്പെടുന്നുണ്ട്. കോൺഗ്രസിന്റെ സാമ്പത്തികനയങ്ങളോട് ഇടതുപക്ഷത്തിന് തീർച്ചയായും വിയോജിപ്പുണ്ട്. ബാബറി മസ്ജിദിന്റെ തകർച്ചയ്ക്ക് വഴിയൊരുക്കിയ മൃദുഹിന്ദുത്വ സമീപനത്തോടും അതേ വിയോജിപ്പുകളുണ്ട്. എന്നാൽ, കോൺഗ്രസിനെയും ഫാസിസ്റ്റ് ആശയങ്ങളുടെ രാഷ്ട്രീയകുന്തമുനയായ ബി.ജെ.പി.യെയും ഒരുപോലെ കാണാൻ ഇടതുപക്ഷദർശനം അനുവദിക്കുന്നില്ല. രാഷ്ട്രീയപോരാട്ടത്തിന്റെ നിർണായകഘട്ടങ്ങളിൽ രണ്ട് മുഖ്യശത്രുക്കൾ ഉണ്ടാകുന്നത് സമരവിജയത്തെ പ്രതികൂലമായി ബാധിക്കും. ബി.ജെ.പി. ഒരു ബൂർഷ്വാ പാർട്ടി മാത്രമല്ല. ആർ.എസ്.എസ്. പ്രതിനിധാനംചെയ്യുന്ന ഫാസിസ്റ്റ് ആശയങ്ങളുടെ രാഷ്ട്രീയവാഹനമാണത്.'

വിയോജിപ്പിന്റെ ഒട്ടേറെ തലങ്ങളുള്ള രാഷ്ട്രീയപ്പാർട്ടിയാണ് കോൺഗ്രസ് എങ്കിലും രാജ്യത്തുടനീളം വേരുള്ള ഏറ്റവും വലിയ മതേതര കക്ഷിയാണ് അതെന്ന് അദ്ദേഹമെഴുതുന്നു. കേരളമല്ല ഇന്ത്യ. ഇന്ത്യൻ യാഥാർത്ഥ്യം മറ്റൊന്നാണ്. കോൺഗ്രസ് തകർച്ചയുണ്ടാക്കിയ ശൂന്യതയിലേക്ക് കടന്നുവരുന്നത് ബിജെപിയാണ്. അതുകൊണ്ടാണ് ഫാസിസത്തെ ഒന്നാം നമ്പർ ശത്രുവായി കാണുന്ന ഇടതുപക്ഷം കോൺഗ്രസ് തകരരുത് എന്നാഗ്രഹിക്കുന്നത്- സിപിഐ നേതാവ് എഴുതി. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News