ബയോ വെപ്പണ്‍ പരാമര്‍ശം: ഐഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹക്കേസ് ചുമത്തി
ബിജെപി ലക്ഷദ്വീപ് നേതാവ് അബ്ദുൽ ഖാദർ നൽകിയ പരാതിയിന്മേൽ കവരത്തി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.
ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തി ലക്ഷദ്വീപ് പോലീസ്. കേന്ദ്രം ദ്വീപിൽ ബയോ വെപ്പൺ പ്രയോഗിക്കുകയാണെന്ന ചാനൽ ചർച്ചയിലെ പരാമർശത്തിനെതിരെയാണ് കേസ്. ബിജെപി ലക്ഷദ്വീപ് നേതാവ് അബ്ദുൽ ഖാദർ നൽകിയ പരാതിയിന്മേൽ കവരത്തി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. 124 A , 153 B വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഐഷക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നു. ആയിഷയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിനെതിരെ രംഗത്ത് വന്ന ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം കഴിഞ്ഞദിവസം ആയിഷക്ക് ഐക്യദാർഢ്യം അറിയിച്ചിരുന്നു.
ബയോവെപ്പണ്‍ എന്ന പ്രയോഗം പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണെന്നും പ്രഫുല്‍ പട്ടേലും അയാളുടെ നയങ്ങളും അങ്ങനെയായി തനിക്ക് തോന്നിയെന്നും ഐഷ സുല്‍ത്താന കഴിഞ്ഞ ദിവസം എഫ് ബിയില്‍ കുറിച്ചിരുന്നു. കോവിഡ് കേസുകള്‍ പൂജ്യമായ ലക്ഷദ്വീപില്‍ പ്രഫുല്‍ പട്ടേലിന്റെ വരവോടുകൂടിയാണ് വൈറസ് വ്യാപിച്ചതെന്നും അവര്‍ പറയുന്നു. കൂടാതെ ആശുപത്രി സൌകര്യങ്ങള്‍ ഇല്ലായെന്ന് അറിയിച്ച മെഡിക്കല്‍ ഡയറക്ടറെ ഡീ പ്രമോട്ട് ചെയ്ത പ്രഫുല്‍ പട്ടേലിനെയാണ് താന്‍ ബയോ വെപ്പണായി താരതമ്യം ചെയ്തെന്നും അല്ലാതെ രാജ്യത്തെയും ഗവണ്‍മെന്റിനെയും അല്ലെന്നും ഐഷ തന്റെ കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.