പക്ഷിപ്പനി; പനച്ചിക്കാട് പഞ്ചായത്തിൽ പക്ഷികളെ കൊന്നൊടുക്കുന്നതിനെ ചൊല്ലി തർക്കം
പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊന്നൊടുക്കുന്നതിനെയാണ് ഒരു കൂട്ടം നാട്ടുകാർ എതിർത്തത്
കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച കോട്ടയം പനച്ചിക്കാട് പഞ്ചായത്തിൽ പക്ഷികളെ കൊന്നൊടുക്കുന്നതിനെ ചൊല്ലി തർക്കം. പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊന്നൊടുക്കുന്നതിനെയാണ് ഒരു കൂട്ടം നാട്ടുകാർ എതിർത്തത്. പൊലീസ് ഇടപെട്ടാണ് നടപടികൾ പൂർത്തിയാക്കിയത്.
പനച്ചിക്കാട് പഞ്ചായത്തിലെ 14-ാം വാർഡായ കാവനാടിക്കടവവിലെ ഒരു സ്വകാര്യ വ്യക്തിയുടെ ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം പടർന്ന് പിടിക്കാതിരിക്കാൻ ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയും കൊല്ലാനായിരുന്നു തീരുമാനം. എന്നാൽ ഇതിനെ നാട്ടുകാരിൽ ചിലർ എതിർത്തു. തുടർന്ന് മൃഗസംരക്ഷണ വകുപ്പ് പൊലീസ് സംരക്ഷണയിലാണ് ദയാവധ നടപടികൾ പൂർത്തിയാക്കിയത്. ഫാമിലെ കോഴി, താറാവ്' കാട എന്നിവയ്ക്കു പക്ഷിപ്പനി സ്ഥിരികരിച്ചത് എന്നാൽ ദയാവധം നടത്താൻ അധികൃതർ ഫാമിൽ എത്തിയപ്പോൾ ഏതാനും താറാവുകൾ മാത്രമേ ഫാമിൽ ഉണ്ടായിരുന്നുള്ളൂ . പക്ഷികളെ ഇവിടെ നിന്ന് മാറ്റിയതായും സംശയമുണ്ട്.