കൊടകര കുഴൽപ്പണ കേസ്; ബി.ജെ.പി നേതാക്കളുടെ മൊഴി തള്ളി അന്വേഷണ സംഘം
പരാതിക്കാരനായ ധർമ്മരാജന് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്നില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ
കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി സംസ്ഥാന നേതാക്കളുടെ മൊഴി തള്ളി അന്വേഷണ സംഘം. പരാതിക്കാരനായ ധർമ്മരാജന് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്നില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ധർമ്മരാജനെ ഫോണിൽ ബന്ധപ്പെട്ടത് സംഘടനാ കാര്യങ്ങൾ സംസാരിക്കാനാണെന്നായിരുന്നു സംഘടന ജനറൽ സെക്രട്ടറി എം.ഗണേഷിന്‍റെ മൊഴി.
വെള്ളിയാഴ്ച ഗണേഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കവർച്ച ചെയ്ത പണവുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്നായിരുന്നു ഗണേഷിന്‍റെ മൊഴി. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തെ കുറിച്ച് സംസാരിക്കാനാണ് ധര്‍മരാജനെ ഫോണ്‍ചെയ്തത്. പണത്തെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും ഗണേഷ് മൊഴി നൽകി. ആലപ്പുഴ ജില്ല ട്രഷറർക്ക് നൽകാനാണ് പണം കൊണ്ടുവന്നതെന്ന ധർമ്മരാജന്‍റെ മൊഴിയെക്കുറിച്ച് അറിയില്ലെന്നും ഗണേഷ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. കുഴൽപ്പണം കൊണ്ടുവന്നവർക്ക് ഹോട്ടൽ മുറി ബുക് ചെയ്തതും പണമടച്ചതും ബി.ജെ.പി തൃശ്ശൂർ ജില്ലാ ഓഫിസിൽ നിന്നാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.