കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസ്: വിദേശത്തേക്ക് ഹവാല ഇടപാട് നടന്നെന്ന് ഇ.ഡി

ബഹറൈനിലുളള കമ്പനിയിലേക്ക് ഹവാല നെറ്റ്‌വർക്ക് വഴി പണം കടത്തിയെന്നും ഇഡി കണ്ടെത്തി

Update: 2023-09-20 05:23 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി:  കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ മുൻ മന്ത്രി എ.സി മൊയ്തീന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉടൻ നോട്ടീസ് അയക്കും. നിയമസഭാംഗങ്ങളുടെ ക്ലാസ് നടക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് മൊയ്തീൻ ഇ.ഡിയെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഹവാല ഇടപാട് നടന്നുവെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തൽ. ഇടപാടിന് ചുക്കാൻ പിടിച്ചത് ഒന്നാം പ്രതിയായ സതീഷ് കുമാറാണ്. ബഹറൈനിലുളള കമ്പനിയിലേക്ക് ഹവാല നെറ്റ്‌വർക്ക് വഴി പണം കടത്തിയെന്നും ഇഡി കണ്ടെത്തി. സതീഷ് കുമാറിന്‍റെ സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും പേരിലാണ് പണം നിക്ഷേപിച്ചത്. 

സതീഷ് കുമാറിന്റെ ബിനാമി ഇടപാടിന്റെ രേഖകൾ കണ്ടെടുത്തെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. ആധാരം എഴുത്തുകാരുടെ ഓഫീസുകളിൽ നടത്തിയ പരിശോധനയിലാണ് ബിനാമി ഇടപാടിന്റെ രേഖകൾ കണ്ടെടുത്തത്. വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 25 കോടി രൂപയുടെ രേഖകളാണ് കണ്ടെത്തിയത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിലെ ഒന്നാം പ്രതിയായ സതീഷ് കുമാർ 500 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. കരുവന്നൂർ സഹകരണ ബാങ്കിന് പുറമേ അയ്യന്തോൾ സഹകരണ ബാങ്ക് അടക്കമുള്ള മറ്റ് ബാങ്കുകൾ വഴിയും സതീഷ് കുമാർ കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇ.ഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂരിലും കൊച്ചിയിലുമായി 9 ഇടങ്ങളിൽ റെയ്ഡ് നടത്തിയത്. സതീഷ് കുമാറിന്റെ ബെനാമി ഇടപാടുകളുടെ രേഖകൾ റെയ്ഡിൽ കണ്ടെടുത്തതെന്ന് ഇ ഡി അറിയിച്ചു. 

എട്ടുവർഷമായി ഒളിവിൽ കഴിയുന്നുവെന്ന് ഇ.ഡി പറയുന്ന അനിൽകുമാറിന്റെ വീട്ടിൽ നിന്നും 15 കോടിയുടെ രേഖകൾ കണ്ടെടുത്തിട്ടുണ്ട്. തൃശ്ശൂരിലെ ജ്വല്ലറി ഉടമ സുനിൽകുമാറിന്റെ വീട്ടിൽ നിന്നും 5.5 ലക്ഷവും സ്വർണവും പിടിച്ചെടുത്തു. കൊച്ചിയിലെ വ്യവസായി ദീപക്കിന്റെ വീട്ടിൽ നടത്തിയ റെയഡിൽ അഞ്ച് കോടിയുടെ രേഖകൾ കണ്ടെത്തി. കരുവന്നൂർ ബാങ്കിൽ നിന്നും 12 കോടി രൂപ ബിനാമി വായ്പകൾ ആയി തട്ടിയെടുത്തു, കേസിലെ രണ്ടാംപ്രതി പി.പി കിരണ് നൽകിയ 5.5 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു തുടങ്ങിയവയാണ് വ്യവസായിയായ ദീപക്കിനെതിരെയുള്ള ഇ.ഡിയുടെ കണ്ടെത്തൽ.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News