കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട്: പി.ആർ അരവിന്ദാക്ഷനെയും ജിൽസിനെയും ഇ.ഡി വീണ്ടും കസ്റ്റഡിയിൽ വാങ്ങും
ഒന്നാം പ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷൻ നടത്തിയ വിദേശയാത്രകൾ, സാമ്പത്തിക ഇടപാടുകൾ എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണ് ഇ.ഡിയുടെ ലക്ഷ്യം
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം കൗൺസിലർ പി.ആർ അരവിന്ദാക്ഷനെയും കരുവന്നൂർ ബാങ്ക് മുൻ ജീവനക്കാരൻ സി.കെ ജിൽസിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രണ്ടുദിവസത്തെ കസ്റ്റഡി അപേക്ഷ കലൂരിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ചു. കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും. അതിനിടെ തൃശ്ശൂരിലെ എസ്.ടി ജ്വല്ലറി ഉടമ സുനിൽകുമാറും വ്യവസായി ജയരാജും പെരിങ്ങണ്ടൂർ ബാങ്ക് സെക്രട്ടറി ടി ആർ രാജനും ചോദ്യം ചെയ്യലിന് ഹാജരായി.
വടക്കാഞ്ചേരി നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ അരവിന്ദാക്ഷന് എതിരെയുള്ള കുരുക്ക് മുറുക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഒന്നാംപ്രതി സതീഷ് കുമാറുമായി പി. ആർ അരവിന്ദാക്ഷൻ നടത്തിയ വിദേശയാത്രകൾ, കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള സാമ്പത്തിക ഇടപാടുകൾ എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണ് ഇ.ഡിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് രണ്ടുദിവസത്തേക്ക് അരവിന്ദാക്ഷനെ കസ്റ്റഡിയിൽ വാങ്ങാനുള്ള തീരുമാനം. പി.ആർ അരവിന്ദാക്ഷിനെതിരെ ഫോൺ കോൾ റെക്കോർഡുകൾ തെളിവുകളായി ഉണ്ടെന്നും ഒന്നാംപ്രതി സതീഷ് കുമാറിന്റെ ഫോണിലെ കോൾ റെക്കോർഡുകളിൽ അരവിന്ദാക്ഷന്റെ പങ്ക് വ്യക്തമാണെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ചോദ്യം ചെയ്തവരിൽ നിന്ന് ലഭിച്ച മൊഴികൾ അരവിന്ദാക്ഷൻ എതിരാണെന്നും കസ്റ്റഡി അപേക്ഷയിലുണ്ട്.
2011നും 19നും ഇടയിൽ നടത്തിയ 11 ലക്ഷത്തിന്റെ ഭൂമി വിൽപ്പനയുടെ കാര്യത്തിൽ വ്യക്തത വരുത്തുന്നതിനാണ് സി.കെ ജിൽസിനെ കസ്റ്റഡിയിൽ വാങ്ങുന്നത്. അതിനിടെ, ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന തൃശ്ശൂരിലെ എസ്.ടി ജ്വല്ലറി ഉടമ സുനിൽകുമാർ ഇന്ന് ഇ.ഡി ഓഫീസിൽ ഹാജരായി. സതീഷ് കുമാറിന്റെ ബിസിനസ് പങ്കാളിയാണ് സുനിൽകുമാർ എന്നാണ് ഇ.ഡി പറയുന്നത്. വ്യവസായി ജയരാജിനേയും പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ടി ആർ രാജനയും ഇ.ഡി വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. സതീഷ് കുമാർ വ്യവസായി ജയരാജിന്റെ പേരിലും നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ഇ. ഡിക്ക് ലഭിച്ചിരിക്കുന്ന വിവരം. പെരിങ്ങണ്ടൂർ സഹകരണ ബാങ്ക് വഴി പി.ആർ അരവിന്ദാക്ഷനും സതീഷ് കുമാറും നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് സെക്രട്ടറി ടി.ആർ രാജനിൽ നിന്നും വിവരങ്ങൾ തേടുന്നത്. ബാങ്കിലെ കൂടുതൽ രേഖകളും രാജൻ ഇ.ഡിക്ക് മുന്നിൽ ഹാജരാക്കിയിട്ടുണ്ട്.