പിഡബ്ല്യുഡി റോഡ് സ്വന്തമാക്കി കോഴിക്കോട് എൻഐടി സ്ഥാപിച്ച ബോർഡ് എടുത്തുമാറ്റി
സംസ്ഥാനപാതയിൽ അവകാശവാദമുന്നയിച്ചുള്ള ബോർഡ് സ്ഥാപിച്ചതോടെ ഇതുവഴി ആളുകൾക്ക് പോവാനാവാത്ത സ്ഥിതിയുണ്ടായി.
കോഴിക്കോട്: പിഡബ്ല്യുഡി റോഡ് സ്വന്തമാണെന്ന് കാണിച്ച് കോഴിക്കോട് എൻഐടി സ്ഥാപിച്ച ബോർഡ് എടുത്തുമാറ്റി. എൻഐടിക്ക് മുന്നിൽ സ്ഥാപിച്ച ബോർഡാണ് പിഡബ്ല്യുഡി അധികൃതർ എടുത്തുമാറ്റിയത്.
കുന്നമംഗലം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീജയൻ, അസിസ്റ്റന്റ് എഞ്ചിനീയർ റീന എന്നിവരുടെ നേതൃത്വത്തിൽ ചാത്തമംഗലം പഞ്ചായത് പ്രസിഡന്റ് ഓളിക്കൽ ഗഫൂറിന്റെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ബോർഡ് എടുത്തുമാറ്റിയത്.
'കോഴിക്കോട് എൻഐടിയിലേക്ക് സ്വാഗതം. അതിക്രമിച്ചു കടക്കരുത്. ഈ റോഡ് കോഴിക്കോട് എൻഐടിയുടെ ഉടമസ്ഥതയിലുള്ളതാണ്'- എന്നായിരുന്നു നീല നിറത്തിലുള്ള ബോർഡിൽ എഴുതിയിരുന്നത്. കുന്ദമംഗലത്തു നിന്നും അഗസ്ത്യൻമുഴി വരെ പോവുന്ന റോഡിന്റെ എൻഐടി ഗേറ്റ് മുതൽ കട്ടാങ്ങൽ വരെയുള്ള ഭാഗത്ത് രണ്ട് വശത്തുമായിരുന്നു ബോർഡ് വച്ചിരുന്നത്.
പിഡബ്ല്യുഡി വകയായ ഈ റോഡിൽ അവകാശവാദമുന്നയിച്ചുള്ള ബോർഡ് സ്ഥാപിച്ചതോടെ സംസ്ഥാനപാതയിലൂടെ ആളുകൾക്ക് പോവാനാവാത്ത സ്ഥിതിയുണ്ടാവുകയും വലിയ വിവാദമാവുകയും ചെയ്തു. തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേരുകയും ബോർഡ് മാറ്റണമെന്ന് എൻഐടിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നാളെ യുൽഡിഎഫ് നേതൃത്വത്തിൽ പിഡബ്ല്യുഡി ഓഫീസിലക്ക് മാർച്ച് നടത്താനും തീരുമാനിച്ചിരുന്നു. എന്നാൽ എൻഐടി അധികൃതർ ബോർഡ് മാറ്റാൻ തയാറാവാതിരുന്നതോടെയാണ് ചൊവ്വാഴ്ച രാത്രിയോടെ പിഡബ്ല്യുഡി ഉദ്യോഗസ്ഥരെത്തി നടപടി സ്വീകരിച്ചത്.