കുവൈത്ത് ദുരന്തം: മലയാളികളുടെ മൃതദേഹം ഇന്നെത്തിക്കും
കൊച്ചിയിലെത്തുന്ന മൃതദേഹം ആംബുലൻസ് മാർഗം അവരവരുടെ നാട്ടിലെത്തിക്കും.
തിരുവനന്തപുരം: കുവൈത്തിലെ ലേബർ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. പ്രത്യേക വിമാനത്തിൽ രാവിലെ എട്ടരയോടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് എത്തുക. മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, നോർക്ക ഉദ്യോഗസ്ഥർ എന്നിവർ അന്തിമോപചാരം അർപ്പിക്കും.
23 മലയാളികളുടെ മരണമാണ് സ്ഥിരീകരിച്ചത്. കൊച്ചിയിലെത്തുന്ന മൃതദേഹം ആംബുലൻസ് മാർഗം അവരവരുടെ നാട്ടിലെത്തിക്കും. ഇതിനായി നോർക്കാ നിർദേശ പ്രകാരം ആംബലൻസുകൾ തയാറായി കഴിഞ്ഞു.
മരിച്ച അയൽ സംസ്ഥാനത്തുള്ളവരുടെ മൃതദേഹവും കൊച്ചിയിലാണ് എത്തുന്നത്. പിന്നീട് ഇവിടെ നിന്നും അതാതിടങ്ങളിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുക.
പത്തനംതിട്ട സ്വദേശികളായ സിബിൻ എബ്രഹാം, മുരളീധരൻ നായർ, ആകാശ് ശശിധരൻ നായർ, സാജു വർഗീസ്, തോമസ് ചിറയിൽ ഉമ്മൻ, കണ്ണൂർ സ്വദേശികളായ വിശ്വാസ് കൃഷ്ണൻ, നിതിൻ, അനീഷ് കുമാർ, കൊല്ലം സ്വദേശികളായ സുമേഷ് സുന്ദരൻ പിള്ള, ലൂക്കോസ്, സാജൻ ജോർജ്, ഷമീർ ഉമറുദ്ദീൻ, കോട്ടയം സ്വദേശികളായ ശ്രീഹരി പ്രദീപ്, സ്റ്റെഫിൻ എബ്രഹാം സാബു, ഷിബു വർഗീസ്, മലപ്പുറം സ്വദേശികളായ ബാഹുലേയൻ, നൂഹ്, തിരുവനന്തപുരം സ്വദേശികളായ ശ്രീജേഷ് തങ്കപ്പൻ നായർ, അരുൺ ബാബു, കാസർകോട് സ്വദേശികളായ രഞ്ജിത്, കേളു പൊൻമലേരി, ആലപ്പുഴ സ്വദേശിയായ മാത്യു തോമസ്, തൃശൂർ സ്വദേശിയായ ബിനോയ് തോമസ് എന്നിവരാണ് മരിച്ച മലയാളികൾ.
കഴിഞ്ഞദിവസം പുലർച്ചെ 4.05ഓടെയാണ് കുവൈത്തിലെ മലയാളി ഉടമസ്ഥതയിലുള്ള എൻബിടിസി ഗ്രൂപ്പിന്റെ ലേബർ ക്യാമ്പിൽ തീപിടിത്തമുണ്ടായത്.