'കൂടെ നിന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് യാസിര്‍ ഭീഷണിപ്പെടുത്തിയിരുന്നു'; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഷിബിലയുടെ കുടുംബം
ഒരുതവണയെങ്കിലും പൊലീസ് വന്ന് അന്വേഷിച്ചിരുന്നുവെങ്കിൽ ഷിബില കൊല്ലപ്പെടില്ലായിരുവെന്ന് സഹോദരി


കോഴിക്കോട്: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഈങ്ങാപ്പുഴയില്‍ ലഹരിക്കടിമയായ ഭര്‍ത്താവ് കൊലപ്പെടുത്തിയ ഷിബിലയുടെ ബന്ധു. ഷിബിലയെ കൊലപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ല. കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിലും ഭീഷണിയുണ്ടെന്ന് അറിയിച്ചിരുന്നു. പൊലീസിനെതിരെ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകുമെന്നും ബന്ധുവായ അബ്ദുൽ മജീദ് മീഡിയവണിനോട് പറഞ്ഞു.
പരാതി നൽകിയിട്ട് ഒരുതവണയെങ്കിലും പൊലീസ് വന്ന് അന്വേഷിച്ചിരുന്നുവെങ്കിൽ ഷിബില കൊല്ലപ്പെടില്ലായിരുന്നുവെന്ന് സഹോദരി പറഞ്ഞു. പരാതിയിൽ ഒരു തവണ സ്റ്റേഷനിലേക്ക് വിളിപ്പിക്കുക മാത്രമാണ് ചെയ്തത്. വസ്ത്രങ്ങൾ കത്തിച്ച വിവരം അറിയിച്ചപ്പോൾ 'അവൻ വാങ്ങി തന്ന വസ്ത്രം അവൻ തന്നെ കത്തിച്ചതിന് ഞങ്ങൾ എന്ത് ചെയ്യാനാ " എന്നായിരുന്നു ഒരു പൊലീസുകാരൻ്റെ മറുപടി. പ്രതി യാസിറും ഉമ്മയെ കൊന്ന കേസിലെ പ്രതി ആശിഖും തമ്മിലുള്ള ബന്ധവും പൊലീസിനെ അറിയിച്ചു. കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിലും പൊലീസിനോട് ഭീഷണിയുണ്ടെന്ന് അറിയിച്ചിരുന്നുവെന്നും കുടുംബം പറയുന്നു.
ചൊവ്വാഴ്ച രാത്രി 7 മണിയോടെയാണ് താമരശ്ശേരി മേഖലയെ നടുക്കി വീണ്ടും ലഹരിക്കൊല അരങ്ങേറിയത്. ഭർത്താവിന്റെ അക്രമത്തില്‍ മനംനൊന്ത് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു 23 വയസുകാരി ഷിബിലയെ ഭർത്താവായ യാസിര്‍ വീട്ടിലെത്തി കുത്തുകയായിരുന്നു. ഭാര്യാ പിതാവ് അബ്ദുറഹ്മാനും ഭാര്യ മാതാവ് ഹസീനക്കും കുത്തേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് എത്തുംമുമ്പെ തന്നെ ഷിബില മരിച്ചു.
അക്രമത്തിന് ശേഷം കാറില്‍ രക്ഷപെട്ട യാസിർ കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തു വെച്ച് പൊലീസ് പിടിയിലായി. നാലു വർഷം മുമ്പ് പ്രണയ വിവാഹത്തിലൂടെയാണ് യാസിറും ഷിബിലയും ഒരുമിക്കുന്നത് . എന്നാല്‍ ആദ്യ മാസങ്ങള്‍ക്ക് ശേഷം യാസിറിന്റെ സ്വഭാവം മാറി. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന യാസർ മർദിക്കുകയും ഷിബിലയുടെ സ്വർണ്ണാഭരണങ്ങള്‍ വിറ്റ് പണം ധൂർത്തടിക്കുകയും ചെയ്തു. ഒരു മാസം മുന്‍പ് യാസിറിനെ ഉപേക്ഷിച്ച് മകളുമായി ഷിബില വീട്ടിലെത്തുകയായിരുന്നു.