സോണ്ടയെ തള്ളി ജർമൻ കമ്പനി; ബ്രഹ്മപുരത്ത് തങ്ങൾ സോണ്ടയുടെ പങ്കാളിയല്ലെന്ന് ബോവർ
മാലിന്യ സംസ്‌കരണവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും വേസ്റ്റ് ബിന്നുകൾ നിർമിക്കുന്ന ജോലിയാണ് തങ്ങളുടേതെന്നും ബോവർ പത്രകുറിപ്പിൽ പറയുന്നു
സോണ്ടയെ തള്ളി ജർമൻ കമ്പനി ബോവർ ബ്രഹ്മപുരത്ത് തങ്ങൾ സോണ്ടയുടെ പങ്കാളിയല്ലെന്നും ബംഗളൂരുവിൽ സോണ്ട നടത്തിയ തട്ടിപ്പിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും എംഡി പാട്രിക് ബോവർ പറഞ്ഞു. രാഷ്ട്രീയ സ്വാധീനം മൂലം സോണ്ട അന്വേഷണം അട്ടിമറിച്ചു അവർക്കെതിരെ നിഷ്പക്ഷ അന്വേഷണം വേണമെന്നും പാട്രിക് പറഞ്ഞു.
2019 -20 സമയത്ത് ബ്രഹ്മപുരത്ത് ടെൻഡർ നടപടികൾ ആരംഭിക്കുമ്പോൾ സോണ്ട പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു. ജർമൻ ആസ്ഥാനമായ ബോവർ എന്ന കമ്പനി അവരുടെ പങ്കാളിയാണെന്നും കാണിച്ചിരുന്നു. ബംഗളുരുവിൽ ബോവർ സോണ്ടയുടെ പങ്കാളിയുമായിരുന്നു. എന്നാൽ കരാർ അട്ടിമറിക്കപ്പെട്ടതോടെ സോണ്ടയ്‌ക്കെതിരെ ബോവർ കേസ് ഫയൽ ചെയ്തു. ബ്രഹ്മപുരത്തെ കരാറിൽ സോണ്ട സംശയ നിഴലിലായതോടെയാണ് ബോവർ വിശദീകകണവുമായി രംഗത്തെത്തിയത്. ബ്രഹ്മപുരത്തെ പദ്ധതിയിൽ തങ്ങൾ പങ്കാളിയല്ല. മാലിന്യ സംസ്‌കരണവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും വേസ്റ്റ് ബിന്നുകൾ നിർമിക്കുന്ന ജോലിയാണ് തങ്ങളുടേതെന്നും ബോവർ പത്രകുറിപ്പിൽ പറയുന്നു.
അതേസമയം, ബ്രഹ്മപുരം പ്ലാന്റിൽ മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ സ്ഥലമില്ലെന്ന് ഹെക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ റിപ്പോർട്ട്. പദ്ധതി പ്രദേശത്തെ കെട്ടിടങ്ങൾ പലതും നശിച്ചിട്ടുണ്ട്. നിലവിലുള്ള കെട്ടിടങ്ങൾ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ബ്രഹ്മപുരത്തേക്ക് എത്തിക്കുന്ന ജൈവമാലിന്യങ്ങളുടെ അളവ് കുറയ്ക്കണം. സമയബന്ധിതമായി ബയോമൈനിങ് പൂർത്തിയാക്കാൻ ആവശ്യമായ യന്ത്രങ്ങൾ പ്ലാന്റിൽ ഇല്ല എന്നും കെട്ടിക്കിടക്കുന്ന മാലിന്യങ്ങളുടെ സംസ്‌കരണം നിയമപരമായല്ല നടക്കുന്നതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.ബ്രഹ്മപുരം പ്ലാന്റിൽ പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാനുള്ള യന്ത്രങ്ങളോ സൗകര്യങ്ങളോ ഇല്ല ആകെയുള്ളത് ഒരു ഷെഡ് മാത്രം പ്ലാസ്റ്റിക് മാലിന്യത്തിന്റെ ശാസ്ത്രീയ സംസ്‌കരണം നടക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.