ബ്രഹ്മപുരം ബയോമൈനിംഗ്; കോണ്‍ഗ്രസ് നേതാവ് ആരോപണ വിധേയനായിട്ടും സി.പി.എമ്മിന് മൗനം!
സോണ്ട കമ്പനിയെക്കുറിച്ചുള്ള ചോദ്യത്തിന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ മറുപടി പറയാന്‍ തയ്യാറായില്ല
കൊച്ചി: ബ്രഹ്മപുരം ബയോമൈനിംഗുമായി ബന്ധപ്പെട്ട ദുരൂഹ കരാറുകളില്‍ കോണ്‍ഗ്രസ് നേതാവ് ആരോപണ വിധേയനായിട്ടും സി.പി.എമ്മിന് മൗനം. സോണ്ട കമ്പനിയെക്കുറിച്ചുള്ള ചോദ്യത്തിന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ മറുപടി പറയാന്‍ തയ്യാറായില്ല.
മാലിന്യനിര്‍മാർജനത്തിന് എല്‍.ഡി.എഫ് മുൻകയ്യെടുത്ത് നടപ്പിലാക്കുന്ന പദ്ധതിയിലാണ് സി.പി.എമ്മിന്‍റെ ശ്രദ്ധ. ബ്രഹ്മപുരത്ത് മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട രണ്ട് കരാറുകളില്‍ സിപിഎം പ്രതിസ്ഥാനത്താണ്.കരാര്‍ ലംഘനം നടത്തിയ സോണ്ട , സ്റ്റാര്‍ കമ്പനികളുടെ പാര്‍ട്ടി ബന്ധം പുറത്തുവന്നതോടെയാണ് സി.പി.എം പ്രതിരോധത്തിലായത്. മന്ത്രി എം.ബി രാജേഷ് സോണ്ടയെ നിയമസഭയില്‍ ന്യായീകരിച്ചെങ്കിലും കമ്പനിക്ക് വിശ്വാസ്യത തിരിച്ചുപിടിക്കാനായിട്ടില്ല. മേയര്‍ എം. അനില്‍കുമാറാകട്ടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ വിഷമിക്കുകയാണ്.
ഇതിനിടെയാണ് വ്യവസ്ഥ ലംഘിച്ച് സോണ്ട കരാര്‍ മറിച്ചുകൊടുത്തത് കോണ്‍ഗ്രസ് നേതാവ് എന്‍ വേണുഗോപാലുമായി ബന്ധമുള്ള കമ്പനിക്കാണെന്ന വിവരം പുറത്തുവന്നത്. വേണുഗോപാലിനെതതിരെ ഉയര്‍ന്ന ആരോപണം കോണ്‍ഗ്രസിന് തലവേദന ആയെങ്കിലും അതേറ്റെടുക്കാന്‍ സി.പി.എം തയ്യാറായില്ല. ഇതുസംബന്ധിച്ച ചോദ്യത്തിന് സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ വിഷയം തൊടാതെയാണ് മറുപടി പറഞ്ഞത്.
കോണ്‍ഗ്രസ് നടത്തിയ കോര്‍പറേഷന്‍ ഉപരോധത്തിനിടെയുണ്ടായ അക്രമമാണ് സി.പി.എമ്മും എല്‍.ഡി.എഫും ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് ഗുണ്ടായിസത്തിനെതിരെ ചൊവ്വാഴ്ച കോര്‍പറേഷനിലേക്ക് എല്‍.ഡി.എഫ് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം ഏപ്രില്‍ പത്ത് മുതല്‍ ജനകീയ മാലിന്യ നിര്‍മാർജന പദ്ധതിക്കും എല്‍.ഡി.എഫ് തുടക്കം കുറിക്കും. ബ്രഹ്മപുരം കത്തിയതിന് പിറകേ ഉയര്‍ന്ന അഴിമതിപ്പുകയില്‍ നിന്ന് പുറത്തുവരാന്‍ സി.പി.എമ്മിന് ഇനിയും സമയം വേണ്ടി വരും.