ബ്രഹ്മപുരം തീപിടിത്തം: ശാശ്വത പരിഹാരമെന്ന് വ്യവസായ മന്ത്രി, ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി
ആശുപത്രികളിൽ സ്മോക്ക് കാഷ്വാലിറ്റി അടക്കം സജ്ജീകരിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ തീപിടിക്കുന്നത് ഒഴിവാക്കാനുള്ള ശാശ്വത പരിഹാരം കാണുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച് ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജും പറഞ്ഞു.
അതെ സമയം കൊച്ചിയില്‍ ഇന്നും പുക ജനജീവിതത്തെ ബാധിച്ചു. കുണ്ടന്നൂർ , വൈറ്റില, കലൂർ, പാലാരിവട്ടം ഭാഗങ്ങളിൽ കാഴ്ച മറക്കുന്ന തരത്തിൽ പുകയുയർന്നു. ഇതോടെയാണ് പരിഹാരങ്ങൾ തേടി ഉന്നതതല യോഗം വിളിച്ചത്.
പ്രശ്നത്തിന് ശാശ്വത പരിഹാരങ്ങൾക്കുള്ള നിർദ്ദേശങ്ങളാണുയർന്നത്. തീയണക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക സംവിധാനം, ശാശ്വത പരിഹാരങ്ങളുടെ ഭാഗമായി എം.എൽ.എയും മേയറും പഞ്ചായത്ത് പ്രസിഡൻ്റും മൂന്ന് മാസത്തിലൊരിക്കൽ യോഗം ചേരാനും തീരുമാനിച്ചു.
നഗരത്തിലടക്കം പുക വ്യാപിച്ചെങ്കിലും പേടിക്കേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയാണാവശ്യമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ആശുപത്രികളിൽ സ്മോക്ക് കാഷ്വാലിറ്റി അടക്കം സജ്ജീകരിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.