ബ്രഹ്മപുരം തീപിടിത്തം: എറണാകുളത്ത് നാളെയും സ്‌കൂളുകൾക്ക് അവധി
പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല
എറണാകുളം: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ തുടർന്നുണ്ടായ പുകശല്യത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ നാളെയും സ്‌കൂളുകൾക്ക് അവധി. അങ്കണവാടികൾ മുതൽ ഏഴു വരെയുള്ള ക്ലാസുകൾക്കും കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾക്കും അവധിയായിരിക്കും. വടവുകോട് - പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ പരധിയിൽ വരുന്ന സ്‌കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
വിഷപ്പുകയിൽ പൊറുതിമുട്ടിയിരിക്കുകയാണ് കൊച്ചിയിലെ ജനങ്ങൾ. പലയിടത്തും കാഴ്ചമറയ്ക്കുന്ന രീതിയിലാണ് പുകയുള്ളത്. വിഷപ്പുക ശ്വസിച്ച് നിരവധിപേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പുക ജില്ലക്ക് പുറത്തേക്കും വ്യാപിക്കുന്നുണ്ട്.
ദുർഗന്ധം മൂലം പുറത്തിറങ്ങാനാകാത്ത സാഹചര്യമാണ്. പത്രമിടാനും മറ്റും പതിവുപോലെ പുറത്തിറങ്ങിയവർ ഇന്നും വിഷപ്പുകയിൽ വലഞ്ഞു. തീ അണക്കാനുള്ള ശ്രമങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പാക്കിയപ്പോൾ പുക നിയന്ത്രിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് തന്നെയാണ് വിലയിരുത്തൽ