ബ്രഹ്മപുരത്ത് സംസ്കരിക്കുക കോര്‍പറേഷനിലെ മാലിന്യം മാത്രം; കൊച്ചിയില്‍ ഉന്നതതല യോഗം
മെയ് ഒന്ന് മുതല്‍ തീരുമാനം നടപ്പാക്കാനിരിക്കെ തൃക്കാക്കര നഗരസഭ എതിര്‍പ്പുമായി രംഗത്തുണ്ട്
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലേക്ക് മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യം സ്വീകരിക്കുന്നത് നിര്‍ത്താനിരിക്കെ സാഹചര്യം വിലയിരുത്താന്‍ കൊച്ചിയില്‍ ഉന്നതതല സംഘം. മന്ത്രി എം.ബി രാജേഷ് അഞ്ച് ദിവസം കൊച്ചിയില്‍ ക്യാംപ് ചെയ്താണ് പുതിയ മാറ്റങ്ങള്‍ സുഗമമായി നടത്തുന്നു എന്ന് ഉറപ്പാക്കുക. ഇന്നലെ നടന്ന ആദ്യ അവലോകന യോഗത്തില്‍ മന്ത്രി പി രാജീവും മേയറും ജനപ്രതിനിധികളും പങ്കെടുത്തു.
കോര്‍പറേഷന്‍ അടക്കം എട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള ജൈവമാലിന്യമാണ് ബ്രഹ്മപുരത്ത് ശേഖരിക്കുന്നത്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കോര്‍പറേഷനിലെ മാലിന്യം മാത്രം ഇനി ബ്രഹ്മപുരത്ത് സംസ്കരിച്ചാല്‍ മതിയെന്നാണ് തീരുമാനം. മെയ് ഒന്ന് മുതല്‍ ഈ തീരുമാനം നടപ്പാക്കാനിരിക്കെ തൃക്കാക്കര നഗരസഭ എതിര്‍പ്പുമായി രംഗത്തുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ് അഞ്ചു ദിവസം കൊച്ചിയില്‍ തങ്ങുന്നത്.
ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ നടപടികള്‍ സുഗമമാക്കുകയാണ് പ്രധാന അജണ്ട. ബ്രഹ്മപുരത്തെ ആശ്രയിച്ചിരുന്ന എട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫലപ്രദമായ ബദല്‍ സംവിധാനം ഉറപ്പാക്കാനും ഇടപെടലുണ്ടാകും. കൊച്ചിയിലെ തെരുവുകളില്‍ കുമിഞ്ഞ് കൂടിയ മാലിന്യം യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കം ചെയ്യും. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കനത്ത പിഴ ചുമത്തും.
അടുത്ത ദിവസങ്ങളില്‍ കൊച്ചിയില്‍ ചേരുന്ന യോഗങ്ങളില്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, വ്യാപാരികള്‍, യുവജന സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പിന്തുണയുമായി ആരോഗ്യ വകുപ്പും രംഗത്തുണ്ട്.