ബ്രഹ്മപുരം ദുരിതാശ്വാസം: എം.എ യൂസുഫലി പ്രഖ്യാപിച്ച ഒരു കോടി കൊച്ചി കോർപറേഷനു കൈമാറി
പ്രതിസന്ധി ഘട്ടത്തിൽ ഊർജ്ജം പകരുന്ന നടപടിയെന്ന് മേയർ
കൊച്ചി: ബ്രഹ്മപുരത്തെ പ്രതിസന്ധി പരിഹരിക്കാനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി പ്രഖ്യാപിച്ച ഒരു കോടി രൂപ ധനസഹായം കൊച്ചി കോർപറേഷന് കൈമാറി. യൂസുഫലിക്കുവേണ്ടി സെക്രട്ടറി ഇ.എ ഹാരിസ്, ലുലു കൊമേഴ്‌സ്യൽ മാനേജർ സാദിഖ് കാസിം എന്നിവർ ചേർന്നാണ് മേയർ അഡ്വ. എം. അനിൽകുമാറിന് ചെക്ക് നൽകിയത്.
കൊച്ചി നഗരം നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധിയോട് പടപൊരുതാൻ തനിക്കടക്കം ഇതു വലിയ ഊർജ്ജം നൽകുന്നുവെന്ന് മേയർ പറഞ്ഞു. കൊച്ചി നഗരത്തിന് വേണ്ടി ഒട്ടേറെയാളുകൾക്ക് ഒരുമിച്ചുവരാനുള്ള മഹത്തരമായ തുടക്കമാണ് യൂസുഫലി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടർന്നുള്ള പുകയിൽ ശ്വാസസംബന്ധമായ പ്രശ്‌നങ്ങൾ നേരിടുന്നവർക്ക് വൈദ്യസഹായം നൽകാനാണ് സഹായമെന്ന് യൂസുഫലി നേരത്തെ അറിയിച്ചിരുന്നു. ഇതോടൊപ്പം ഇവിടെ കൂടുതൽ മെച്ചപ്പെട്ട മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കാനും തുക ചെലവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Summary: One crore rupees announced by M A Yusuff Ali for Brahmapuram relief activities, handed over to Kochi Corporation