ബഫർസോൺ ഉത്തരവ് പരിഷ്‌കരിക്കണം; കേരളം സുപ്രിംകോടതിയിൽ

സംസ്ഥാനത്തിനുള്ള നിയമനിർമ്മാണ സാധ്യത എ ജി പരിശോധിക്കും

Update: 2022-06-30 14:36 GMT
Advertising

തിരുവനന്തപുരം: ബഫർ സോണിലെ കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ മോഡിഫിക്കേഷൻ പെറ്റീഷൻ നൽകും. സംസ്ഥാനത്തിനുള്ള നിയമനിർമ്മാണ സാധ്യത എ ജി പരിശോധിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

ജനവാസ മേഖല ഒഴിവാക്കി പരിസ്ഥിതി സംവേദക മേഖല പുനര്‍നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സർക്കാർ സമര്‍പ്പിച്ച വിജ്ഞാപന നിര്‍ദ്ദേശം ഒരാഴ്ചക്കകം കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. പരിസ്ഥിതി സംവേദക മേഖലയില്‍ നിലവിലുള്ള കെട്ടിടങ്ങളെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച വിശദാംശങ്ങള്‍ സുപ്രിംകോടതി നിശ്ചയിച്ച സമയ പരിധിക്കുള്ളില്‍ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇതിന് പ്രിന്‍സിപ്പൽ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനെ ചുമതലപ്പെടുത്തി.

കേരളത്തിന്‍റെ പ്രത്യേക സാഹചര്യം കേന്ദ്രസര്‍ക്കാരിനെയും കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിയെയും ബോധ്യപ്പെടുത്തും. ഈ വിവരം സുപ്രിംകോടതിയെ അറിയിച്ച് അനുകൂല വിധി സമ്പാദിക്കുന്നതുവരെ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടാന്‍ ഉന്നതതല സമിതിയെ നിശ്ചയിച്ചു. വനം വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവരാണ് സമിതിയിലുള്ളത്.

യോഗത്തില്‍ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, അഡ്വ. ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ്, വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, വനം വകുപ്പ് മേധാവി ബെന്നിച്ചന്‍ തോമസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിങ് തുടങ്ങിയവര്‍ പങ്കെടുത്തു.

ബഫർസോൺ വിഷയത്തിൽ സുപ്രിംകോടതി ഉത്തരവ് വന്ന് ഒരുമാസം പൂർത്തിയാകാനിരിക്കെയാണ് ഈ വിഷയത്തിൽ ഉയരുന്ന ആശങ്കകളും പരിഹാര സാധ്യകളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. സംരക്ഷിത വന മേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള ഉത്തരവിനെതിരെയാണ് ഹരജി.

ബഫർസോൺ വിഷയത്തിലെ സുപ്രിംകോടതി വിധിയിൽ റിവ്യു പെറ്റീഷൻ നൽകുന്നതിൽ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും വിധിയിയുടെ പ്രത്യാഘാതം കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തുമെന്നും വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞിരുന്നു. മലയോര മേഖലയിലെ ആളുകളെ ബാധിക്കുന്നത് ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സംരക്ഷിത വനമേഖലകൾക്ക് അടുത്തുള്ള ഒരു കിലോമീറ്റർ ചുറ്റളവ് നിർബന്ധമായും പരിസ്ഥിതി ദുർബല മേഖലയാക്കണം എന്നാണ് കോടതി ഉത്തരവ്. തമിഴ്നാട് നീലഗിരിയുടെ വനംഭൂമികൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹരജിയിൽ ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനും ജസ്റ്റിസ് ബിആർ ഗവായ്, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവർ അംഗങ്ങളുമായ മൂന്നംഗ ബഞ്ചായിരുന്നു വിധി പുറപ്പെടുവിച്ചത്. ബഫർ സോണിൽ പുതിയ സ്ഥിരം നിർമിതികളോ ഖനനമോ അനുവദിക്കില്ലെന്നും വിധിയിൽ പറയുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News