"രാഷ്ട്രീയ സമരങ്ങൾക്ക് മതമേലധ്യക്ഷൻമാർ കൂട്ടുനിൽക്കരുത്"; കെസിബിസിക്കെതിരെ എകെ ശശീന്ദ്രൻ

രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ചിലർ നടത്തുന്ന ശ്രമങ്ങളോട് കൂട്ടുനിൽക്കരുതെന്നും മന്ത്രി കെസിബിസിയോട് അഭ്യർത്ഥിച്ചു

Update: 2022-12-17 06:06 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ കെസിബിസിയുടെ സമരം ദൗർഭാഗ്യകരമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. സാറ്റലൈറ്റ് സർവേ പ്രായോഗികമല്ലെന്ന ആരോപണത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. സാറ്റലൈറ്റ് സർവേയെ മാത്രം ആശ്രയിച്ചല്ല സർക്കാർ സുപ്രിംകോടതിയിൽ പ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. ജുഡീഷ്യൽ സ്വഭാവമുള്ള വിദഗ്‌ധ സമിതിയെ നിയോഗിച്ചിരിക്കുന്നത്. വിദഗ്‌ധസമിതിയുടെ വിശദമായ പരിശോധനാ റിപ്പോർട്ട് വന്നാൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ആശങ്കയുള്ളവരും പരാതിയുള്ളവരും സമിതിയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കണം. ബഫർസോൺ വിഷയം സുപ്രിംകോടതിയുടെ തീരുമാനത്തെ ആശ്രയിച്ചാണുള്ളത്. കേരളത്തിന്റെ ആവശ്യങ്ങൾ കൃത്യമായി സുപ്രിംകോടതിയെ അറിയിക്കുകയാണ് സർക്കാരിന്റെ ഉദ്ദേശം. സുപ്രിംകോടതിയുടെ നിർദ്ദേശപ്രകാരം മാത്രമാണ് സാറ്റലൈറ്റ് സർവേയിലേക്ക് സർക്കാർ കടന്നത്. വിദഗ്‌ധ സമിതിയുടെ നിഗമങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ അന്തിമതീരുമാനമെടുക്കുമെന്നും മന്ത്രി ആവർത്തിച്ചു.

വിദഗ്‌ധസമിതിയുടെ മുന്നിൽ പരാതി ബോധിപ്പിക്കാനുള്ള സമയം ഈ മാസം 23ന് അവസാനിക്കുകയാണ്. എന്നാൽ, സമയം നീട്ടി നൽകാൻ സർക്കാർ തയ്യാറാണ്. കമ്മീഷന്റെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയോട് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കർഷക താൽപര്യത്തിന് അനുസരിച്ചുള്ള നിലപാടുകൾ സർക്കാർ സ്വീകരിച്ച് വരികയാണ്. കെസിബിസി നേതൃത്വത്തിന് വസ്‌തുത മനസിലാകുമെന്നാണ് പ്രതീക്ഷ. രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ചിലർ നടത്തുന്ന ശ്രമങ്ങളോട് കൂട്ടുനിൽക്കരുതെന്നും മന്ത്രി കെസിബിസിയോട് അഭ്യർത്ഥിച്ചു. സർക്കാറും വനംമന്ത്രിയും പുകമറ സൃഷ്ടിക്കുകയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സുപ്രിംകോടതിയുടെ നിർദ്ദേശപ്രകാരം മാത്രമാണ് സർക്കാർ പ്രവർത്തിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ബഫര്‍സോണ്‍ നിര്‍ണയത്തിനായി നടത്തുന്ന ഉപഗ്രഹ സർവേയ്‌ക്കെതിരെ ജനജാഗ്രത യാത്ര നടത്താൻ കെ.സി.ബി.സി (കേരള കത്തോലിക്ക മെത്രാൻ സമിതി) തീരുമാനിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. കർഷക സംഘടനകളുമായി ചേർന്നാണ് ജനജാഗ്രത യാത്ര നടത്തുക. താമരശ്ശേരി രൂപത അധ്യക്ഷൻ റെമിജിയോസ് ഇഞ്ചനാനി യാത്ര ഉദ്‌ഘാടനം ചെയ്യും. ഈ മാസം 19നാണ് യാത്ര ആരംഭിക്കുക.

ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേയില്‍ അടിമുടി ആശയക്കുഴപ്പമാണെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് കെ.സി.ബി.സിയുടെ നീക്കം. അതിരുകളിലെ അവ്യക്തതയില്‍ മലയോര കര്‍ഷകര്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും മലബാര്‍ വന്യജീവി സങ്കേതത്തിന്‍റെ ബഫര്‍സോണില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ കരടിൽ ജനവാസ മേഖലയിലെ നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും വിട്ടുപോയെന്നാണ് പരാതി. വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ അനുബന്ധ വിവരങ്ങൾ കൂടി ചേർത്ത് പുതിയ പട്ടിക പ്രസിദ്ധീകരിക്കാൻ സർക്കാർ നിർദേശിച്ചെങ്കിലും ഇതും പ്രായോഗികമല്ലെന്നാണ് ആക്ഷേപം.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News