കടുവാപ്പേടിയിൽ വീണ്ടും വയനാട്: മാനന്തവാടിയിൽ പശുക്കിടാവിനെ കൊന്നു
പിലാക്കാവ് മേഖലയിൽ 2 മാസത്തിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വളർത്തുമൃഗങ്ങളുടെ എണ്ണം മൂന്നായി
വയനാട്: വയനാട് മാനന്തവാടി പിലാക്കാവില്‍ കടുവ പശുക്കിടാവിനെ കൊന്നതോടെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. രണ്ട് വയസ്സ് പ്രായമുള്ള പശുക്കിടാവിനെയാണ് ഇന്നലെ കടുവ കൊന്നത്. പിലാക്കാവ് മേഖലയിൽ 2 മാസത്തിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വളർത്തുമൃഗങ്ങളുടെ എണ്ണം മൂന്നായി
ഇന്നലെ ഉച്ചയോടെയാണ് പിലാക്കാവ് മണിയൻകുന്ന് നടുതൊട്ടിയിൽ ഉണ്ണിയുടെ 2 വയസ് പ്രായമുള്ള പശുക്കിടാവിനെ കടുവ കൊന്നത്. വീടിന് സമീപത്തെ എസ്റ്റേറ്റിൽ മേയാൻ വിട്ടതായിരുന്നു പശുക്കിടാവിനെ. ഇന്നലെ പശുക്കിടാവിനെ കൊന്ന അതേ പ്രദേശത്ത് അടുത്തിടെ മറ്റൊരു പശുവിനേയും ആടിനേയും കടുവ കൊന്നിരുന്നു. വീണ്ടും കടുവയുടെ ആക്രമണമുണ്ടായതോടെയാണ് ജനങ്ങളുടെ പ്രതിഷേധം അണപൊട്ടിയത്.
പ്രതിഷേധം ശക്തമായതോടെ കടുവയെ പിടികൂടാൻ പ്രദേശത്ത് വനപാലകർ കൂട് സ്ഥാപിച്ചു. കൊല്ലപ്പെട്ട പശുക്കിടാവിൻ്റെ ഉടമക്ക് അർഹമായ നഷ്ടപരിഹാരം നൽകാനും മാനന്തവാടി എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ധാരണയായി.