കാലിക്കറ്റ് സർവകലാശല പി.ജി പ്രവേശനം; അപേക്ഷിച്ച പകുതിയിലധികം പേർക്കും സീറ്റില്ല
പതിനെട്ടായിരത്തിലധികം വിദ്യാത്ഥികളാണ് ഇത്തവണ ബിരുദാനന്തര ബിരുദത്തിന് അപേക്ഷിച്ചത്
മലപ്പുറം: കാലിക്കറ്റ് സർവകലാശലയിൽ ബിരുദാനന്തര ബിരുദത്തിന് അപേക്ഷിച്ച പകുതിയിലധികം വിദ്യാർഥികൾക്കും സീറ്റില്ല. പതിനായിരത്തിലധികം വിദ്യാർഥികൾക്ക് കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള കോളജുകളിൽ പി.ജി പഠിക്കാൻ കഴിയില്ല.
കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകളിലായി 8826 പി.ജി സീറ്റുകളാണുള്ളത്. പതിനെട്ടായിരത്തിലധികം വിദ്യാത്ഥികളാണ് ഇത്തവണ പി.ജി പ്രവേശനത്തിന് അപേക്ഷിച്ചത്.
സർവകലശാലയിലെ പഠന വകുപ്പിലേക്ക് എൻട്രൻസ് എഴുതിയ വലിയൊരു വിഭാഗത്തിനും സീറ്റ് ലഭിച്ചിട്ടില്ല. 5 ജില്ലകളിലെ വിദ്യാത്ഥികളാണ് സീറ്റ് ലഭിക്കാതെ പുറത്ത് നിൽക്കേണ്ടി വരുന്നത്. പത്താം ക്ലാസ് കഴിഞ്ഞാൽ എല്ലാ ഘട്ടത്തിലും മലബാറിലെ വലിയൊരു വിഭാഗം വിദ്യാത്ഥികൾക്ക് തുടർ പഠനത്തിന് സീറ്റ് ലഭിക്കാത്ത സാഹചര്യമാണ് വർഷങ്ങളായി തുടരുന്നത്.
ശ്രീനാരയണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി തുടങ്ങിയതിനാൽ കാലിക്കറ്റ് സർവകലശാലക്ക് കീഴിൽ വിദൂര വിദ്യാഭ്യാസം വഴി പല പി.ജി കോഴ്‌സുകളും നടത്താൻ കഴിയില്ല. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ അപേക്ഷിച്ച് ശ്രീനാരയണ യൂണിവേഴ്‌സിറ്റിയിൽ വിദൂര വിദ്യാഭ്യാസത്തിനായി കൂടുതൽ ഫീസും നൽകണം.