'പാട്ടും കേട്ട് ഉറങ്ങുകയായിരുന്നു, കണ്ണ് തുറന്നപ്പോ ദാ ഇങ്ങനെ വീണ് കിടക്കുന്നു'; കഞ്ചാവ് വാഹനം അപകടത്തിൽപ്പെട്ടു, ഒരാൾ പിടിയിൽ
യുവാവിന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് വാഹനം പരിശോധിച്ചതോടെയാണ് കഞ്ചാവ് കണ്ടെത്തിയത്
കോട്ടയത്ത് അപകടത്തിൽപ്പെട്ട കാറിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ. വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്. നീണ്ടൂരിൽ നിന്ന് ഏറ്റുമാനൂർ ഭാഗത്തേക്ക് അമിതവേഗതയില്‍ പോവുകയായിരുന്നു കാർ കോട്ടമുറി ജംക്‌ഷനിൽ വേഗം കുറയ്ക്കാൻ സ്ഥാപിച്ചിട്ടുള്ള റംബിൾ സ്ട്രിപ് വകവയ്ക്കാതെ പാഞ്ഞു തൊട്ടടുത്തുള്ള വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ 4 പേർ റബർ തോട്ടത്തിലൂടെ ഓടി രക്ഷപ്പെട്ടു.
കാറിൽ കുടുങ്ങിയ സംഘത്തിലെ മറ്റൊരു യുവാവിനെ നാട്ടുകാർ തടഞ്ഞുവെച്ചു. വിവരം അറിഞ്ഞ് ഏറ്റുമാനൂർ സ്റ്റേഷനിലെ എസ്.ഐ പ്രേംകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. യുവാവിന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് വാഹനം പരിശോധിച്ചതോടെയാണ് കഞ്ചാവ് കണ്ടെത്തിയത്. പാട്ടും കേട്ട് ഉറങ്ങുകയായിരുന്നുവെന്നും കണ്ണ് തുറന്നപ്പോ ഇങ്ങനെ വീണ് കിടക്കുകയായിരുന്നുവെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. നാല് പേര്‍ കൂടെയുണ്ടായിരുന്നുവെന്നും സുഹൃത്തിന്‍റെ വീട്ടില്‍ പോയതായിരുന്നുവെന്നും പറയുന്നു.
കഞ്ചാവ് കടത്തായിരുന്നു ലക്ഷ്യമെന്നാണു പൊലീസ് നിഗമനം. തലയ്ക്കു പരുക്കേറ്റ യുവാവിനെ പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഏറ്റുമാനൂർ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ വിലസുന്നതായി നേരത്തെയും റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞദിവസം കഞ്ചാവ് മാഫിയ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.