തിരുവില്വാമലയിൽ ചെക്ക് ഡാമിലേക്ക് കാർ മറിഞ്ഞു; യാത്രക്കാരനെ മീൻപിടുത്തക്കാർ രക്ഷപ്പെടുത്തി
കാർ ചെക്ക് ഡാമിന് മുകളിലെ റോഡിന് നടുവിൽ എത്തിയപ്പോൾ പുഴയിൽ ജലനിരപ്പ് ഉയരുകയായിരുന്നു
തൃശൂർ: തിരുവില്വാമലയിൽ ചെക്ക് ഡാമിലേക്ക് കാർ മറിഞ്ഞു. എഴുന്നള്ളത്ത് കടവിലെ ഒഴുക്കിൽ പെട്ട് റോഡിൽ നിന്ന് കാർ പുഴയിലേക്ക് നിരങ്ങി വീഴുകയായിരുന്നു. വാഹനത്തിനുണ്ടായിരുന്ന സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥൻ കൊണ്ടാഴി സ്വദേശി ജോണിയെ മീൻപിടുത്തക്കാർ രക്ഷപ്പെടുത്തി.
കൊണ്ടാഴി - തിരുവില്വാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഗായത്രി പുഴയ്ക്ക് കുറുകെയുള്ള ചെക്ക് ഡാമിൽ ആണ് അപകടം ഉണ്ടായത്. കാർ ചെക്ക് ഡാമിന് മുകളിലെ റോഡിന് നടുവിൽ എത്തിയപ്പോഴേക്കും പുഴയിൽ ജലനിരപ്പ് ഉയരുകയായിരുന്നു. ശക്തമായ ഒഴുക്കിൽ റോഡിൽ നിന്ന് നിരങ്ങി ഇറങ്ങിയ കാർ പുഴയിലേക്ക് വീണു.
അകത്ത് നിന്ന് പൂട്ടിയ കാറിൽ നിന്ന് പുറത്ത് കടക്കാൻ ബുദ്ധിമുട്ടിയ ജോണിയെ മീൻ പിടിക്കാൻ എത്തിയരും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത്.
ഇന്ന് രാവിലെ ഒമ്പതരയോടെയുണ്ടായ അപകടം നാട്ടുകാരെയും ഞെട്ടിച്ചു. കാർ അപകടത്തിൽ പെടുന്നത് കണ്ട് മറ്റ് വാഹനങ്ങൾ പുഴ അരികിൽ നിർത്തിയിട്ടത് വലിയ ദുരന്തം ഒഴിവാക്കി. പഴയന്നൂർ പൊലീസ് സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.