'പൃഥ്വിരാജിനൊപ്പം ചാക്കോച്ചനും മതമൗലികവാദികൾക്ക് വേണ്ടി 'സേവ് ലക്ഷദ്വീപ് എന്നു പറഞ്ഞ് കുറെ കരഞ്ഞതല്ലേ'; കുറിപ്പുമായി കാസ
ഇപ്പോൾ കശ്മീർ സന്ദർശിച്ചത് പോലെ കുറച്ചു നാളുകൾക്കു ശേഷം ചാക്കോച്ചൻ കുടുംബവുമൊത്ത് ലക്ഷദ്വീപുകളും ഒന്നു സന്ദർശിക്കണം
നടന്‍ കുഞ്ചാക്കോ ബോബന്‍ കശ്മീര്‍ യാത്രയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതിനു പിന്നാലെ കുറിപ്പുമായി തീവ്ര ക്രിസ്ത്യന്‍ കൂട്ടായ്മയായ കാസ. മത മൗലീകവാദികൾക്ക് വേണ്ടി മുട്ടിലിഴയുന്ന ചാക്കോച്ചനെ പോലെയുള്ള സിൽമാ നടൻമാർ ഉൾപ്പെടെയുള്ളവർ ഷേവ് ഗാസയെന്നും ഷേവ് ലക്ഷദ്വീപെന്നും ഒപ്പം ഇടയ്ക്കിടെ വടക്കോട്ട് നോക്കി പാച്ചിസം പാച്ചിസമെന്നും കുരച്ചുകൊണ്ടിരുന്നപ്പോൾ ആണൊരുത്തൻ നട്ടെല്ലോടു കൂടി നിവർന്നുനിന്നു രാജ്യത്തെ നയിച്ചത് കൊണ്ടാണ് ചാക്കോച്ചനും പെണ്ണുംപിള്ളയ്ക്കും ഇന്ന് കശ്മീരിൽ മഞ്ഞു വാരി കളിക്കാൻ സാധിച്ചതെന്ന് കാസ ഫേസ്ബുക്കില്‍ കുറിച്ചു. കശ്മീരിൽ നിന്നും തിരിച്ചുവരുമ്പോൾ പബ്ലിക്കായി പറയാൻ ഭയമാണെന്നറിയാം അതുകൊണ്ട് മനസ്സിലെങ്കിലും ഭാരതത്തിൻ്റെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു നന്ദിയെങ്കിലും പറയണമെന്നും കുറിപ്പില്‍ പറയുന്നു.
കാസയുടെ കുറിപ്പ്
"സ്വർഗത്തിന് കശ്മീർ എന്നല്ലാതെ മറ്റ് എന്ത് പേരാണ് വിളിക്കാനാവുക" ഭാര്യ പ്രിയയ്ക്കും മകൻ ഇസഹാക്കിനും ഒപ്പം കശ്മീരിലെ മഞ്ഞിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ പങ്കുവെച്ചു കുറിച്ച വരികളാണ് മുകളിൽ !!
നന്നായി ചാക്കോച്ചാ വളരെ നന്നായി , താങ്കൾ കുറച്ചുകൂടി ചിത്രങ്ങൾ പങ്കുവയ്ക്കണം...! കുറെ കൂടി ആ മണ്ണിൽ അനുഭവിച്ച സമാധാനവും സന്തോഷവും എന്തെന്ന് എഴുതണം, കാരണം താങ്കൾ കശ്മീരിൽ അനുഭവിച്ച സ്വാതന്ത്ര്യവും സന്തോഷവും സമാധാനവും ആ സ്വർഗത്തിന്‍റെ മനോഹാരിതയും താങ്കളെപ്പോലുള്ളവർ പങ്കുവയ്ക്കുമ്പോൾ കുറച്ചു കൂടി ശ്രദ്ധിക്കപ്പെടും ! അതിലൂടെ ഇന്നിന്‍റെ കശ്മീരിലേക്ക് സഞ്ചാര പ്രവാഹം ഉണ്ടാകും. ഈ കേരളത്തിൽ ഇരുന്നുകൊണ്ട് ഈ രാജ്യത്തെ തകർക്കാൻ ഇറങ്ങിയവർക്ക് പിന്തുണ നൽകി മതരാജ്യ സ്വപ്ന ജീവികളായ മത മൗലീകവാദികൾക്ക് വേണ്ടി മുട്ടിലിഴയുന്ന ചാക്കോച്ചനെ പോലെയുള്ള സിൽമാ നടൻമാർ ഉൾപ്പെടെയുള്ളവർ ഷേവ് ഗാസയെന്നും ഷേവ് ലക്ഷദ്വീപെന്നും ഒപ്പം ഇടയ്ക്കിടെ വടക്കോട്ട് നോക്കി പാച്ചിസം പാച്ചിസമെന്നും കുരച്ചുകൊണ്ടിരുന്നപ്പോൾ ആണൊരുത്തൻ നട്ടെല്ലോടു കൂടി നിവർന്നുനിന്നു രാജ്യത്തെ നയിച്ചത് കൊണ്ടാണ് ചാക്കോച്ചനും പെണ്ണുംപിള്ളയ്ക്കും ഇന്ന് കശ്മീരിൽ മഞ്ഞു വാരി കളിക്കാൻ സാധിച്ചതെന്ന് മനസ്സിലാക്കിക്കൊണ്ട് കശ്മീരിൽ നിന്നും തിരിച്ചുവരുമ്പോൾ പബ്ലിക്കായി പറയാൻ ഭയമാണെന്നറിയാം അതുകൊണ്ട് മനസ്സിലെങ്കിലും ഭാരതത്തിൻ്റെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു നന്ദിയെങ്കിലും പറയണം.
ചാക്കോച്ചനോർക്കുന്നോ ? മോദി സർക്കാർ അധികാരത്തിൽ വന്ന 2014ന് മുൻപ് വരെ രാജ്യത്തിന്‍റെ പട്ടാളക്കാർ പോലും കശ്മീരിന്‍റെ തെരുവുകളിൽ പലവിധ ആക്രമണങ്ങൾക്കും അവഹേളനങ്ങൾക്കും ഇരയായി രാജ്യം തന്നെ ലോകത്തിനു മുന്നിൽ അപമാനിതയായി നിന്ന എത്രയോ ശപിക്കപ്പെട്ട അവസരങ്ങൾ ഉണ്ടായിട്ടുണ്ട് ? അന്നൊക്കെ രാജ്യത്തിന്‍റെ പട്ടാളത്തിന് നിഷ്പ്രയാസം ഒരൊറ്റ നിമിഷം കൊണ്ട് അവരെ ഇല്ലാതാക്കാൻ സാധിക്കുമായിരുന്നു, എന്നാൽ അന്ന് രാജ്യം ഭരിക്കുന്നവരുടെ നയം എന്നു പറയുന്നത്, രാജ്യം എത്രയൊക്കെ അപമാനിതരായാലും ആക്രമിക്കപ്പെട്ടാലും മൗനവും സഹനവും എന്ന നയമായിരുന്നു. അതെ നയം തന്നെയായിരുന്നല്ലോ കശ്മീരി മണ്ണിന്‍റെ ഉടയോന്മാരായ കശ്മീരി പണ്ഡിറ്റുകൾ മത മൗലീകവാദികളാൽ ആക്രമിക്കപ്പെട്ടപ്പോളും അന്നത്തെ ഭരണകൂടം പുലർത്തിയതും ! എന്തിനധികം പറയുന്നു കശ്മീരിൽ സ്വന്തം പട്ടാളത്തിനെതിരെ കല്ലെറിഞ്ഞ ഒരുവനെ പട്ടാള വണ്ടിയുടെ മുന്നിൽ കെട്ടി കവചമാക്കി പ്രത്യക്രമണം ഇല്ലാതെ രക്ഷപെടാൻ തന്ത്രം പ്രയോഗിച്ച പട്ടാള ഓഫീസറെ കുറ്റാരോപിതൻ ആക്കിയതും ഇതേ നയം ആയിരുന്നല്ലോ !
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച നാൾമുതൽ അശാന്തിയുടെ കാലഘട്ടങ്ങൾ, തീവ്രവാദ ആക്രമണങ്ങൾ ബോംബ് സ്ഫോടനങ്ങൾ കല്ലേറുകൾ ഹർത്താലുകൾ അങ്ങനെ തുടങ്ങി കാശ്മീരി പണ്ഡിറ്റുകൾക്കെതിരെ നടന്ന സമാനതകളില്ലാത്ത ക്രൂരതകൾ നിറഞ്ഞ വംശഹത്യയുടെ ദിനങ്ങൾ, സ്വാതന്ത്ര്യ ദിനത്തിൽ പോലും ഇന്ത്യൻ പതാകക്ക് പാറി പറക്കാൻ ഇടമില്ലാത്ത കശ്മീർ . നെഹ്റു മുതൽ മൻമോഹൻ സിംഗ് വരെയുള്ള പ്രധാനമന്ത്രിമാരും സഹമന്ത്രിമാരും നിർഭയമായി കാലുകുത്താത്ത കശ്മീർ , തകർക്കപ്പെട്ട അമ്പലങ്ങൾ , ഇസ്‍ലാമിക ഭീകരവാദികളുടെ അന്ത്യശാസനത്തെ തുടർന്ന് അടച്ചു പൂട്ടേണ്ടി വന്ന ക്രിസ്ത്യൻ പള്ളികൾ കന്യാസ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ട ക്രിസ്ത്യൻ കോൺവെൻ്റുകൾ അങ്ങനെ ഭൂമിയിലെ നരകമായി മാറിയ കശ്മീരിനെ ഇന്ന് ചാക്കേച്ചനും കുടുംബവും രാഹുൽ ഗാന്ധിയും പെങ്ങളും പ്രതിപക്ഷ നേതാവ് വി. ഡി സതീശനുമെല്ലാം കശ്മീരെന്ന സ്വർഗത്തിൽ നിർഭയമായി മഞ്ഞു വാരി എറിഞ്ഞ് ഉല്ലസിക്കുന്ന ഇന്നത്തെ കശ്മീരാക്കിയത് ശ്രീ നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്രസർക്കാരിൻ്റെ നിശ്ചയദാർഢ്യവും കഴിവും ആത്മാർഥതയും ഒന്നുകൊണ്ടുമാത്രമാണ് എന്നത് മറക്കരുത്.
2014ന് ശേഷം തെറിക്കുത്തരം മുറിപ്പത്തലെന്ന നയം കേന്ദ്രസർക്കാർ പട്ടാളത്തിന് തിരിച്ചു നൽകിയതോടെ രാജ്യത്തിനുള്ളിൽ നിന്നു കൊണ്ട് ചോറ് ഇവിടെയും കൂറവിടെയുമെന്ന പ്രാകൃത നയത്തിൽ ജീവിച്ച അവിടത്തെ യുവതയും അവരെ നിയന്ത്രിച്ചവരും സ്വിച്ച് ഇട്ട പോലെ അവരുടെ പ്രാകൃത നയത്തിൽ നിന്നും പിന്മാറുകയും പെട്ടെന്ന് ദേശ സ്നേഹികളായി പണിയെടുത്തു ഭക്ഷിക്കാനും കുടുംബം പോറ്റാനും തെയ്യാറാവുകയും ചെയ്തിരിക്കുന്നു. അതിനു ശേഷം കശ്മീരിൽ പിന്നെ ഇന്ത്യൻ പട്ടാളത്തിനെതിരെ കല്ലേറില്ല , ഹർത്താലുകളില്ല വെടിയൊച്ചകളില്ല.
2014 ന് മുൻപ് വരെ സ്കൂളിൽ പോകാതെ മുഖത്തു ടൗവലും കെട്ടി പട്ടാളത്തെ കല്ലെറിയാൻ പോയിരുന്ന സ്കൂൾ കുട്ടികൾ 2014 ന് ശേഷം സ്കൂളുകളിൽ പോയി വിദ്യ അഭ്യസിക്കുന്നു, കൃഷിയും വ്യവസായങ്ങളും മെച്ചപ്പെട്ടു കശ്മീരിലേക്ക് ടൂറിസ്റ്റുകൾ ഒഴുകി തുടങ്ങിയിരിക്കുന്നു, കശ്മീരി ആപ്പിളുകൾ ലോകവിപണികളിൽ മൂല്യ വർധിതമായി എത്തിത്തുടങ്ങി, തകർക്കപ്പെട്ടതും ഭീഷണിയെ തുടർന്ന് അടച്ചുപൂട്ടേണ്ടതുമായി വന്ന ക്രിസ്ത്യൻ പള്ളികൾ അമ്പലങ്ങളുമെല്ലാം പുനർ നിർമ്മിച്ചു അതിന്റെയൊക്കെ ഉത്തരവാദിത്തപ്പെട്ടവർക്ക് കൈമാറിക്കഴിഞ്ഞു, പലായനം ചെയ്തു നീണ്ട 30 വർഷം ഡൽഹിയിലെ തെരുവുകളിൽ കഴിയേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകളെ തിരിച്ചെത്തിച്ചു അവരുടെ മണ്ണിൽ അവരെ പുനരധിവസിപ്പിച്ചു കൊണ്ട് രാജ്യം അവരോടു ചെയ്ത അനീതിക്കു ന്യായം വിധിച്ചു നൽകാൻ കേന്ദ്ര സർക്കാരിന് സാധിച്ചിരിക്കുന്നു.
അങ്ങനെ ഭാരതത്തിലെ മറ്റേതൊരു സംസ്ഥാനം പോലെയായി കശ്മീർ മാറിക്കഴിഞ്ഞു. ഇന്ന് കശ്മീരികൾ തന്നെ തങ്ങളുടെ യഥാർത്ഥ ശാപം ആരായിരുന്നുവെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു .കശ്മീർ വീണ്ടും ലോക ടൂറിസം ഭൂപടത്തിൽ എത്തപ്പെട്ടു, കശ്മീരിന്ന് കുതിക്കുകയാണ് !എന്നാൽ മോദി സർക്കാർ കശ്മീരിന്‍റെ ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതിനെതിരെ രംഗത്തുവന്ന ഭാവി പ്രധാനമന്ത്രി രാഹുൽ ഗാന്ധി പോലും കശ്മീരിലൂടെ ഹെൽമറ്റ് പോലും വയ്ക്കാതെ നിർഭയനായി ബൈക്കോടിക്കുന്നതും സഹോദരി പ്രിയങ്കയുമായി മഞ്ഞു വാരി കളിക്കുന്നതും നാം കണ്ടു . ഇതിനെല്ലാം നന്ദി പറയേണ്ടത് കേന്ദ്രസർക്കാരിനോടും അതിനു നേതൃത്വം നൽകുന്ന ശ്രീ നരേന്ദ്ര മോദിയോടുമാണ്.
ഇനി ചാക്കോച്ചനോട് ഞങ്ങൾക്ക് പറയാനുള്ളത്... അധികാരത്തിനു വേണ്ടി സംഘടിത വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ, മോദി സർക്കാർ എടുത്തു കളഞ്ഞു കശ്മീരിനെ ഇന്ന് കാണുന്ന കശ്മീർ ആക്കിയതിനു കാരണമായ ആർട്ടിക്കിൾ 370 താൻ അധികാരത്തിൽ എത്തിയാൽ പുനഃസ്ഥാപിച്ച് കശ്മീരിനെ പഴയതുപോലെ ആക്കും എന്ന് പറയുന്ന രാഹുൽ ഗാന്ധിയെ പോലുള്ളവരുടെ നിലപാടുകളെക്കുറിച്ചും ഒപ്പം മത മൗലീകവാദം കീഴ്പ്പെടുത്തി കൊണ്ടിരിക്കുന്ന ഇന്നത്തെ കേരളത്തിന്റെ അവസ്ഥയെ കുറിച്ചും ചാക്കോച്ചനെ പോലുള്ളവർ വേവലാതി ഉള്ളവരായി മാറണം.
കാരണം അശാന്തമായിരുന്ന പഴയ കശ്മീരിനെ പോലെ അശാന്തമായ കേരളം നാളെയിവിടെ സൃഷ്ടിക്കപ്പെടാതിരിക്കാൻ നിങ്ങളെ പോലുള്ളവരുടെ ശബ്ദത്തിനു ഒത്തിരി വിലയുള്ള നാളുകളാണ് കടന്നു വരുന്നത് ! അതിൽ നിന്നും ഒളിച്ചോടാതെ സിനിമയിലും ജീവിതത്തിലും പൊതു സമൂഹത്തിന്‍റെ നന്മയ്ക്കായി പോരാടുന്ന യഥാർത്ഥ ഹീറോയായിട്ട് ജീവിതത്തിൽ നിറഞ്ഞാടാൻ സർവശക്തനായ ദൈവം ചാക്കോച്ചനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ !
അതുപോലെ നടൻ പൃഥ്വിരാജിനൊപ്പം ചാക്കോച്ചനും മതമൗലികവാദികൾക്ക് വേണ്ടി ഷേവ് ലച്ചദ്വീപ് എന്നു പറഞ്ഞ്. കുറച്ച് കരഞ്ഞിരുന്നതാണല്ലോ , അതുകൊണ്ട് ഇപ്പോൾ കശ്മീർ സന്ദർശിച്ചത് പോലെ കുറച്ചു നാളുകൾക്കു ശേഷം ചാക്കോച്ചൻ കുടുംബവുമൊത്ത് ലക്ഷദ്വീപുകളും ഒന്നു സന്ദർശിക്കണം. മാറിയ ലക്ഷദ്വീപിന്‍റെ പുതിയ മുഖവും സൗന്ദര്യവും ഇതുപോലെ ചിത്രങ്ങളായി ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കണം.