എസ്.ഐയെ കയ്യേറ്റം ചെയ്തു; സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ഞായറാഴ്ച രാത്രി നടന്ന അക്രമത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് തിരിച്ചില്‍ ഊർജിതമാക്കി
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്. മദ്യലഹരിയില്‍ കഴക്കൂട്ടം എസ്.ഐയെ കയ്യേറ്റം ചെയ്തതെന്നാണ് കേസ്. ഞായറാഴ്ച രാത്രി നടന്ന അക്രമത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് തിരിച്ചില്‍ ഊർജിതമാക്കി.
സി.പി.എം ശ്രീകാര്യം ബ്രാഞ്ച് സെക്രട്ടറി ഷഹീന്‍, നിധിന്‍, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി മനു കൃഷ്ണന്‍, ജോഷി ജോണ്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മദ്യലഹരിയില്‍ കടയിലെത്തി ബഹളമുണ്ടാക്കിയ പ്രതികള്‍ ഇത് തടയാനെത്തിയ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ എസ്.ഐ മിഥുനെ കയ്യേറ്റം ചെയ്യുകയും തള്ളിയിടുകയും ചെയ്തു. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കാര്യവട്ടം ജംഗ്ഷന് സമീപത്തെ കടയിലെത്തിയ പ്രതികള്‍ ജ്യൂസ് ആവശ്യപ്പെട്ടു. ഇത് നല്‍കാന്‍ വൈകിയതോടെ കടയിലെ ജീവനക്കാരനുമായി തര്‍ക്കമുണ്ടായി.
പിന്നാലെ കടയുടമയെയും മര്‍ദിച്ചു. സി.പി.എം പ്രവര്‍ത്തകരാണെന്നും കാണിച്ചുതരാമെന്നും അക്രമികള്‍ ഭീഷണിപ്പെടുത്തിയതായി കടയുടമ പറഞ്ഞു. വിവരമറിഞ്ഞെത്തിയ കഴക്കൂട്ടം എസ്.ഐയെയും കയ്യേറ്റം ചെയ്തു. കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്ത് എത്തിയതോടെ പ്രതികള്‍ രക്ഷപ്പെട്ടു. മദ്യലഹരിയിലാണ് നാല് പേരും കടയിലെത്തിയതെന്ന് ജീവനക്കാരും കടയുടമയും പൊലീസിനോട് പറഞ്ഞു. പ്രതികള്‍ക്കെതിരെ രണ്ട് കേസുകള്‍ കഴക്കൂട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്തു.