വഖഫ് സ്വത്തുക്കൾ മറയാക്കി നിർമാണത്തിലൂടെ കോടികൾ തട്ടിയെന്ന് പരാതി; ലീഗ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസ്
വഞ്ചനാക്കുറ്റം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി നാലു വകുപ്പുകൾ പ്രകാരമാണ് കേസ്.
വഖഫ് ബോർഡിന്റെ അനുമതി ഇല്ലാതെ നിർമാണം നടത്തി കോടികൾ തട്ടിയെന്ന പരാതിയിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്. മട്ടന്നൂർ പൊലീസാണ് കേസെടുത്തത്.
ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി, എം.സി കുഞ്ഞമ്മദ്, യു. മഹറൂഫ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വഞ്ചനാക്കുറ്റം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി നാലു വകുപ്പുകൾ പ്രകാരമാണ് കേസ്.
മൂന്ന് കോടിയിലധികം രൂപ ചെലവ് വരാൻ സാധ്യതയില്ലാത്ത നിർമാണ പ്രവർത്തനങ്ങൾക്ക് ഒമ്പത് കോടിയിലധികം രൂപ ചെലവഴിച്ചതായി കാണിച്ച് പണം തട്ടിയെന്നാണ് പരാതി. മട്ടന്നൂർ ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന്റെയും പള്ളി നവീകരണത്തിന്റെയും മറവിലാണ് തട്ടിപ്പ്.
മഹല്ല് ജനറൽ ബോഡി അംഗമായ എം.പി ഷമീറാണ് പൊലീസിൽ പരാതി നൽകിയത്. അഞ്ചു കോടിയിലേറെ രൂപയുടെ വെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പരാതി.