പി.സി ജോർജിനെതിരായ കേസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം; അറസ്റ്റുണ്ടാവുമെന്ന് കമ്മീഷണർ
ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരിലുള്ള കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന്റെ പേരിൽ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ കേസ്.
കൊച്ചി: വെണ്ണലയിലെ മതവിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പി.സി ജോർജിനെതിരെ കേസെടുത്തത് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമെന്ന് കൊച്ചി പൊലീസ് കമ്മീഷണർ. അറസ്റ്റ് ചെയ്യുകയാണ് സ്വാഭാവിക നടപടിയെന്ന് കമ്മീഷണർ പറഞ്ഞു. പ്രസംഗത്തിന്റെ ശബ്ദരേഖയാണ് ആദ്യം ലഭിച്ചത്. അപ്പോൾ തന്നെ കേസെടുത്തു. വീഡിയോ കൂടി പരിശോധിച്ചശേഷം തുടർനടപടികൾ സ്വീകരിക്കും. പി.സി ജോർജ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായി ബോധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് ഹിന്ദു മഹാപരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ മൂന്നാംദിനം ഉദ്ഘാടനം ചെയ്ത് നടത്തിയ വിവാദ പ്രസംഗത്തിൽ പി.സി ജോർജിനെതിരെ പൊലീസ് കേസെടുത്തിരുന്നു. മുസ്ലിം വ്യാപാരികളുടെ സ്ഥാപനങ്ങളിൽനിന്ന് ഹിന്ദുക്കൾ സാധനങ്ങൾ വാങ്ങരുതെന്ന് ആവശ്യപ്പെട്ട ജോർജ് മുസ്ലിംകളുടെ ഹോട്ടലുകളിൽ വന്ധ്യംകരണം നടക്കുന്നുണ്ടെന്നും ആരോപിച്ചിരുന്നു.
ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരിലുള്ള കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന്റെ പേരിൽ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ കേസ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വെണ്ണലയിൽ ഞായറാഴ്ച വൈകുന്നേരമാണ് പി.സി ജോർജ് വിദ്വേഷപ്രസംഗം നടത്തിയത്.
ഐപിസി 153എ, 295എ വകുപ്പുകൾ പ്രകാരമാണ് പാലാരിവട്ടം പൊലീസ് കേസെടുത്തിരിക്കുന്നത്. സമുദായ സ്പർധയുണ്ടാക്കൽ, മനപ്പൂർവ്വമായി മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.