ഇ ബുള്‍ ജെറ്റ് വിഷയത്തില്‍ പ്രകോപനപരമായ പോസ്റ്റിട്ടവർക്കെതിരെ കേസ്
പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുത്തിട്ടുണ്ട്
ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ അറസ്റ്റിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റിട്ടവർക്കെതിരെ കേസ്. കണ്ണൂർ സൈബർ പൊലീസാണ് കേസെടുത്തത്. പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.കലാപത്തിന് ആഹ്വാനം ചെയ്യല്‍, പ്രകോപനങ്ങള്‍ സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സൈബര്‍ എസ്.എച്ച്.ഒയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
പൊലീസ് മനഃപൂര്‍വം കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മയക്കുമരുന്ന് മാഫിയയുമായി തങ്ങള്‍ക്ക് ബന്ധമുണ്ടെന്നത് അടിസ്ഥാനരഹിതമാണെന്നും ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ പറഞ്ഞിരുന്നു.
കുടുക്കിയതിന് പിന്നിൽ വൻപ്ലാനിങ്ങാണ്. ഞങ്ങളുടെ അറിവില്ലായ്മ മുതലാക്കി ഞങ്ങളെ കുടുക്കി. വികാരപരമായി പ്രതികരിച്ചുപോയി. അതിൽ പിടിച്ചാണ് അവർ ഞങ്ങളെ കുടുക്കിയത്. ഞങ്ങളെ ചിലർ ഭയക്കുന്നു എന്നതിന്‍റെ തെളിവാണിത്. അസമിൽ കുടുങ്ങിയ തൊഴിലാളികളുടെ പ്രശ്നത്തിൽ ഞങ്ങൾ ഇടപെട്ടിരുന്നു. അവിടെ നിന്നുള്ള കഞ്ചാവ്, ആയുധക്കടത്ത് എന്നിവയിലും പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് ചിലർ ഞങ്ങൾക്ക് എതിരെ തിരിഞ്ഞത്. ഇപ്പോൾ ഞങ്ങളെ കഞ്ചാവ് കേസിൽ കുടുക്കാൻ ശ്രമിക്കുന്നു ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ വീഡിയോയില്‍ പറയുന്നു.
ഇ ബുൾജെറ്റ് വ്ലോഗർമാർക്ക് മയക്കുമരുന്ന് ബന്ധം സംശയിച്ച് പൊലീസ് രംഗത്ത് എത്തിയിരുന്നു. മയക്കുമരുന്ന് കടത്തിൽ പങ്കുണ്ടോ എന്ന് പരിശോധിക്കാൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇ ബുൾജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയിൽ നൽകിയ ഹരജിയിലാണ് പൊലീസിന്‍റെ വാദം. പിന്നാലെയായിരുന്നു ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ വിശദീകരണം.