ബഫർ സോൺ വിഷയത്തിൽ മാര്‍ച്ച് നടത്തിയവര്‍ക്കെതിരെ കേസ് ; പ്രതിഷേധം ശക്തം
കോട്ടയം പമ്പാവാലി ,എയ്ഞ്ചൽവാലി മേഖലയിലുള്ള നൂറോളം പേർക്കെതിരെയാണ് കേസ് എടുത്തത്
കോട്ടയം: ബഫർ സോൺ വിഷയത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസ് എടുത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കോട്ടയം പമ്പാവാലി ,എയ്ഞ്ചൽവാലി മേഖലയിലുള്ള നൂറോളം പേർക്കെതിരെയാണ് കേസ് എടുത്തത്. നോട്ടീസ് നല്‍കി ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിക്കാനുള്ള പൊലീസിന്‍റെ നീക്കം പ്രതിപക്ഷ നേതാവ് ഇടപെട്ട് തടഞ്ഞു.
ബഫർ സോണിൽ പോലുമല്ല വനമേഖലയായിട്ടാണ് എയ്ഞ്ചൽ വാലി പമ്പാവാലി മേഖലയിലുള്ളവർ ഉൾപ്പെട്ടിട്ടുള്ളത്. പരാതി അറയിച്ചതിന് പിന്നാലെ സർക്കാർ ഇറക്കിയ മാപ്പിലും വനമേഖലയിൽ തന്നെയാണ് ഈ പ്രദേശം രേഖപ്പെടുത്തിയത്. ഇതേ തുടർന്നാണ് ഫോറസ്റ്റ് ഓഫീസിലേക്ക് ഇവർ മാർച്ച് നടത്തിയതും അവിടുത്ത് ബോർഡ് എടുത്ത് മാറ്റുകയും ചെയ്തത്. ഈ സംഭവത്തിലാണ് പൊലീസ് നൂറോളം പേർക്കെതിരെ കേസ് എടുത്തത്. സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസും വീടുകൾ കയറി പൊലീസ് നല്‍കാന്‍ ശ്രമിച്ചു. ഇതോടെയാണ് ഇവിടെയെത്തിയ പ്രതിപക്ഷ നേതാവ് നേരിട്ട് ഇത് തടഞ്ഞത്.
പിഡിപിപി ആക്ട് അടക്കം ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ജനപ്രതിനിധികളും പ്രതികളാണ്. കേസ് എടുത്താലും സമരവുമായി മുന്നോട്ടുപോകാനാണ് ഇവരുടെ തീരുമാനം. ഇവരുടെ പോരാട്ടങ്ങൾക്ക് നിയമസഹായങ്ങൾ നല്‍കുമെന്ന് യു.ഡി.എഫ് നേതാക്കളും അറിയിച്ചു.