തൃശൂർ കോർപ്പറേഷനിലെ അഞ്ച് യു.ഡി.എഫ് കൗൺസിലർമാർക്കെതിരെ വധശ്രമത്തിന് കേസ്
കൗൺസിലർമാരായ രാജൻ പല്ലൻ, ജോൺ ഡാനിയേൽ, ലാലി ജെയിംസ്, ശ്രീലാൽ ശ്രീധർ, എ.കെ സുരേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്
തൃശൂര്‍: തൃശൂർ കോർപ്പറേഷനിലെ അഞ്ച് യു.ഡി.എഫ് കൗൺസിലർമാർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കൗൺസിലർമാരായ രാജൻ പല്ലൻ, ജോൺ ഡാനിയേൽ, ലാലി ജെയിംസ്, ശ്രീലാൽ ശ്രീധർ, എ.കെ സുരേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചെന്ന മേയര്‍ എം.കെ വര്‍ഗീസിന്‍റെ പരാതിയിലാണ് കേസെടുത്തത്. മേയറുടെ മുറിയിൽ നിന്ന് രേഖകൾ നഷ്ടപ്പെട്ടെന്നും പരാതിയിൽ പറയുന്നു. പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്.
തൃശൂര്‍: തൃശൂർ കോർപ്പറേഷനില്‍ ചൊവ്വാഴ്ച നടന്ന കൗൺസിലിൽ മേയറുടെ ഔദ്യോഗിക പ്രവർത്തനങ്ങൾക്കിടയിൽ സംഘർഷാവസ്ഥ ഉണ്ടാക്കി പെട്രോൾ കൊണ്ടുവന്ന് തീ കൊളുത്തി മേയറെ അപായപ്പെടുത്താൻ ശ്രമിച്ചതിനാണ് കേസ്. കൗൺസിൽ ഹാൾ നശിപ്പിച്ചതിനും ചേംബറിൽ അതിക്രമിച്ച കയറിയതിനും ഔദ്യോഗിക വാഹനം നശിപ്പിച്ചതിനും, പ്രധാനപ്പെട്ട ചില രേഖകൾ മേയറുടെ ചേംബറിൽ നിന്ന് നഷ്ടപ്പെട്ടതിനും കണ്ടാലറിയാവുന്ന 40 പേർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ ചട്ടപ്രകാരവും കേസെടുത്തു.
അതേസമയം കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചെന്ന കോൺഗ്രസ് കൗൺസിലർമാരുടെ പരാതിയിൽ മേയർ എംകെ വർഗീസിനും ഡ്രൈവർ ലോറൻസിനുമെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കുടിവെള്ളത്തിന് പകരം ചെളിവെള്ളം വിതരണം ചെയ്തെന്നാരോപിച്ചായിരുന്നു തൃശൂർ കോർപ്പറേഷൻ മേയർക്കെതിരെ പ്രതിപക്ഷ പ്രതിഷേധം. കൗൺസിൽ യോഗത്തിനിടെ പ്രതിപക്ഷ കൗൺസിലർമാർ കാറിൽ ചെളിവെള്ളം ഒഴിച്ചിരുന്നു. ഇതിനിടെ ആയിരുന്നു പ്രതിഷേധിച്ചവരെ മേയർ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചതെന്നാണ് കൗണ്‍സിലര്‍മാരുടെ ആരോപണം.
സമരം ചെയ്യുന്ന പ്രതിപക്ഷ കൗൺസിലർമാരെ ചേംബറിൽ നിന്ന് മാറ്റാൻ നിയമത്തിന്‍റെ വഴി ഉപയോഗിക്കുമെന്ന് മേയർ പറഞ്ഞു. കൗൺസിലർമാർ അല്ലാത്തവരും ചേംബറിൽ എത്തി. ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വർഗീസ് മീഡിയവണിനോട് പറഞ്ഞു.