ആലപ്പുഴ മെഡിക്കൽ കോളേജിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം; ചികിത്സാ പിഴവിന് കേസെടുത്തു

പ്രസവ സമയത്ത് ഇരുവരുടെയും ഹൃദയമിടിപ്പ് കുറവായിരുന്നെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം

Update: 2022-12-07 06:09 GMT
Editor : banuisahak | By : Web Desk
Advertising

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാതശിശുവും അമ്മയും മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. ചികിത്സാ പിഴവിനാണ് കേസെടുത്തിരിക്കുന്നത്. പൊക്കിൾകൊടി പുറത്ത് വന്നപ്പോഴാണ് സിസേറിയൻ തീരുമാനിച്ചതെന്നും പ്രസവ സമയത്ത് ഇരുവരുടെയും ഹൃദയമിടിപ്പ് കുറവായിരുന്നെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിട്ടതിന് പിന്നാലെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 

 കൈനകരി സ്വദേശി അപർണ്ണയും കുഞ്ഞുമാണ് മരിച്ചത്. ലേബർ റൂമിൽ പരിചരിച്ച ഡോക്ടർമാർ ഉൾപ്പടെയുള്ള മുഴുവൻ ജീവനക്കാർക്കെതിരെയും അപർണയുടെ കുടുംബം പരാതി നൽകി.

കഴിഞ്ഞ ശനിയാഴ്ചയാണ് അപർണയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ടോട് കൂടി ലേബർ റൂമിലേക്ക് മാറ്റി. പ്രസവം വൈകിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. പിന്നാലെ കുഞ്ഞ് മരിച്ചു. പൊക്കിൾക്കൊടി കഴുത്തിൽ ചുറ്റിയതാണെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് അപർണയുടെ ബന്ധുക്കൾ ഉയർത്തിയത്. 

കുഞ്ഞിന്റെ മരണം അറിയിക്കാൻ വൈകിയെന്നാണ് ബന്ധുക്കളുടെ ആരോപണം. തുടർന്ന് പുലർച്ചെ അഞ്ച് മണിയോട് കൂടി അപർണയും മരിക്കുകയായിരുന്നു. കുഞ്ഞ് മരിച്ചതിന് ശേഷം അപർണയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഗുരുതരമായ ചികിത്സാ പിഴവ് ഉണ്ടായിട്ടുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. പരാതിയെ തുടർന്ന് അമ്പലപ്പുഴ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

സംഭവത്തിൽ കൃത്യമായ നടപടിയുണ്ടായതിന് ശേഷം മാത്രമേ മൃതദേഹങ്ങൾ വീട്ടിലേക്ക് കൊണ്ടുപോകൂ എന്ന നിലപാടിലാണ് അപർണയുടെ ബന്ധുക്കൾ. അതേസമയം, പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം അടക്കമുള്ള കാര്യങ്ങൾ വ്യക്തമാകൂ എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ചികിത്സാ പിഴവ് നടന്നിട്ടുണ്ടോ എന്നറിയാൻ ഒരു മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News